Kerala

ചലച്ചിത്ര അക്കാദമിയില്‍ തമ്മിലടി രൂക്ഷം; സെക്രട്ടറിയെ മാറ്റി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയിലെ തമ്മിലടി രൂക്ഷമായതിനെ തുടര്‍ന്ന് ചലചിത്ര അക്കാദമി സെക്രട്ടറി സ്ഥാനത്തുനിന്ന് മഹേഷ് പഞ്ചുവിനെ മാറ്റി. ചെയര്‍മാന്‍ കമലുമായിട്ടുള്ള അഭിപ്രായ ഭിന്നതയിലാണ് നീക്കം. അവാര്‍ഡ് നിര്‍ണയത്തിന് സമര്‍പ്പിച്ച ചലച്ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരുമായി അടുപ്പമുള്ളവര്‍ ജൂറി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ നിന്നു മാറി നില്‍ക്കണമെന്ന് ആവശ്യമുയര്‍ന്നതാണ് തുടക്കം. ഇത് അംഗീകരിക്കാന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും മറ്റും തയ്യാറായില്ല. മൂവ്‌മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ(മൈക്ക്) എന്ന സംഘടന ചലച്ചിത്ര അക്കാദമിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. മൈക്ക് ഉള്‍പ്പെടെ ചില സിനിമാ സംഘടനകള്‍ സാംസ്‌കാരിക മന്ത്രിക്കും മുഖ്യമന്ത്രിക്കും നേരത്തെ പരാതി നല്‍കിയിരുന്നു. അക്കാദമി ചെയര്‍മാന്റെ മകന്‍ സംവിധാനം ചെയ്ത സിനിമ മത്സരത്തിനുള്ളതിനാല്‍ ജൂറി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ നിന്ന് അദ്ദേഹം വിട്ടു നില്‍ക്കണമെന്നായിരുന്നു ആവശ്യം.

സത്യസന്ധമായ നിലപാടുകളെടുക്കുന്ന അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവിനെയല്ല സാംസ്‌കാരിക വകുപ്പ് മാറ്റേണ്ടത്, നഗ്നമായ സ്വജനപക്ഷപാതം കാണിക്കുന്ന അക്കാദമി ചെയര്‍മാന്‍ കമലിനെയും ബീനാ പോളിനെയുമാണ് അക്കാദമി തലപ്പത്ത് നിന്നും നീക്കം ചെയ്യേണ്ടതെന്ന് മൂവ്‌മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ വൈസ് പ്രസിഡന്റും ഐഎഫ്എഫ്‌കെയില്‍ തിരസ്‌കരിക്കപ്പെട്ട മുറിവുകള്‍ പുഴയാകുന്നു സിനിമയുടെ സംവിധായകനുമായ പികെ സുനില്‍നാഥ് പറഞ്ഞു. സിപിഐഎംന്റെ സാംസ്‌കാരിക വിഭാഗമായ പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗവുമാണ് മൈക്ക് വൈസ് പ്രസിഡന്റ് കൂടിയായ പികെ സുനില്‍നാഥ്.

ജൂറി തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ചലച്ചിത്ര അക്കാദമി സെക്രട്ടറി തന്റെ എതിരഭിപ്രായം മന്ത്രിയുള്‍പ്പെടെയുള്ളവരോട് വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയെയും സാംസ്‌കാരിക മന്ത്രിയെയും കണ്ട് സെക്രട്ടറിയെ അടിയന്തരമായി മാറ്റണമെന്ന് മറുപക്ഷം ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സെക്രട്ടറി സ്ഥാനത്തു നിന്നും അദ്ദേഹത്തെ നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. സിപിഎം പാര്‍ട്ടി അംഗം കൂടിയായിരുന്ന മഹേഷ് പഞ്ചു സി- ഡിറ്റില്‍ ഉണ്ടായിരുന്ന ജോലി രാജിവെച്ചാണ് ഇപ്പോഴത്തെ തസ്തികയില്‍ പ്രവേശിച്ചത്. അതേസമയം തനിക്ക് ഇതു സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് മഹേഷ് പഞ്ചു കേരളവിഷനോട് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top