കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കം അടുത്തതോടെ പശ്ചിമ കൊച്ചിയുടെ ചുവരുകള്‍ ബിനാലെ ചുവരെഴുത്തുകളും ചിത്രങ്ങളും കൊണ്ട് നിറഞ്ഞു. വര്‍ണാഭവുമായ ഈ എഴുത്തുകളും ചിത്രങ്ങളും ഏറെ ആസ്വാദകകരെ ആകര്‍ഷിക്കുന്നു. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ പെപ്പര്‍ ഹൗസ് റെസിഡന്‍സി പരിപാടിയുടെ ഭാഗമായാണ് ഇക്കുറി ചുവരെഴുത്ത് ചിത്രങ്ങള്‍ ഒരുങ്ങുന്നത്. എട്ട് യുവകലാകാരന്മാരാണ് കൊച്ചിയുടെ തെരുവുകള്‍ താണ്ടി ചുവരെഴുത്തുകള്‍ തയ്യാറാക്കിയത്.
2012 ലെ ആദ്യ ബിനാലെ മുതല്‍ തന്നെ വലിയ ചുവരെഴുത്തുകള്‍ കൊച്ചിയിലെ ചുവരുകളില്‍ ബിനാലെ ഫൗണ്ടേഷന് ഒരുക്കിയിരുന്നു. ഇതാദ്യമായാണ് കലാകാരന്മാരെ ചുവരെഴുത്തുകള്‍ക്കായി ഫൗണ്ടേഷന് ഔദ്യോഗികമായി ക്ഷണിച്ചത്. ഒക്ടോബര്‍ 25 ന് ആരംഭിച്ച ചുവരെഴുത്തുകള്‍ ഡിസംബര്‍ 20 വരെ തുടരും. ബിനാലെ തുടങ്ങിയതിനു ശേഷവും ഈ കലാകാരന്മാരുടെ കഴിവുകള്‍ സന്ദര്‍ശകര്‍ക്ക് തത്സമയം കാണാന്‍ സാധിക്കും.
അനിത ദുബെ ക്യൂറേറ്റ് ചെയ്യുന്ന കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കം ഡിസംബര്‍ 12 ന് ആരംഭിച്ച് 2019 മാര്‍ച്ച് 29 വരെ തുടരും. ആകെ 94 കലാ പ്രതിഷ്ഠാപനങ്ങളാണ് നാലാം ലക്കത്തില്‍ ഉണ്ടാകുന്നത്.
ബിനാലെയുമായി കൊച്ചി നഗരത്തിന്റെ ആശയവിനിമയം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഈ ചുവരെഴുത്തുകള്‍ക്ക് സാധിക്കുമെന്ന് ഫൗണ്ടേഷന്റെ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ നിബേദിത മിശ്ര പറഞ്ഞു. കൊച്ചിയിലെ ജനങ്ങളെ ബിനാലെയുമായി കൂടുതല്‍ അടുപ്പിക്കാനുള്ള ചാലക ശക്തിയാണ് ചുവരെഴുത്തുകള്‍. കാഴ്ചയ്ക്ക് മിഴിവേകുന്നതിനപ്പുറം ഈ ചുവരെഴുത്തുകള്‍ ചിന്തോദ്ദീപകങ്ങളുമാണെന്നും നിബേദിത മിശ്ര ചൂണ്ടിക്കാട്ടി.
ഷാന്റോ ആന്റണി, നിഖില്‍ കെ സി, കിരണ്‍ മഹാരാജന്, ലുവാന സെന്ന, ടിറ്റോ സെന്ന, പരാഗ് സൊനാര്ഗരെ, ഡു ആന്‍ഡ് ഖത്ര (സിദ്ധാര്‍ത്ഥ് ആന്‍ഡ് നികുഞ്ജ്) എന്നിവരാണ് ചുവരെഴുത്ത് കലാകാരന്മാര്.