Biennale

നല്ലത് പ്രോത്സാഹിപ്പിക്കാന്‍ ചിത്രകഥാപുസ്തകങ്ങള്‍; ചിത്രകാരന്‍ വെങ്കി

കൊച്ചി: തമാശകളേക്കാളുപരി നല്ല കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികച്ച മാധ്യമം ചിത്രകഥാ പുസ്തകങ്ങളാണെന്ന് പ്രശസ്ത ചിത്രകാരന്‍ വെങ്കി. ഈ സന്ദേശമാണ് കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായി നടക്കുന്ന ശില്‍പശാല മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിച്ച ത്രിദിന ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കുകയായിരുന്നു അദ്ദേഹം. ചിത്രശാല വ്യാഴാഴ്ച സമാപിക്കും. ചിത്രകഥാ പുസ്തകങ്ങളില്‍ ഗുണപാഠങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വര്‍ഷങ്ങളോളം ഇത് വായിക്കാറുണ്ടെങ്കിലും നാം ഈ ഗുണപാഠങ്ങള്‍ മുഖവിലയ്‌ക്കെടുക്കാറില്ലെന്നും ബിനാലെയുടെ പ്രധാന വേദിയായ ഫോര്‍ട്ട് കൊച്ചിയിലെ കബ്രാള്‍യാര്‍ഡില്‍ നടക്കുന്ന ശില്‍പശാലയില്‍ അന്‍പത്തിയൊന്നുകാരനായ മലയാളി അഭ്രിപ്രായപ്പെട്ടു.

യുവപ്രതിഭകളില്‍ സാമൂഹ്യബന്ധം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ പദ്ധതിയായ ആര്‍ട് റൂമിന്റെ ഭാഗമായാണ് ശില്‍പശാല സംഘടിപ്പിച്ചിരിക്കുന്നത്. തോപ്പുംപടി ഔര്‍ ലേഡീസ് സ്‌കൂളിലേയും പള്ളുരുത്തി എസ്ഡിപിവൈ ബിഎച്ച്എസ്എസിലേയും 23 വിദ്യാര്‍ത്ഥികളാണ് കഥ എഴുത്ത്-കഥപറച്ചില്‍ ഇലസ്‌ട്രേഷന്‍ ശില്‍പശാലയില്‍ പങ്കെടുക്കുന്നത്.

ആദ്യ ദിവസം തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ സ്വാധീനം ചെലുത്താതെ അവര്‍ കൊണ്ടുവന്ന ചിത്രങ്ങളെ അടിസ്ഥാനമാക്കി കഥ പറയാനാണ് പ്രോത്സാഹനം നല്‍കിയത്. തുടര്‍ന്ന് കൃത്യമായ നിര്‍ദേശം നല്‍കിയിരുന്നതായും തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ വെങ്കി പറഞ്ഞു.

വ്യത്യസ്തമായി ചിന്തിക്കുന്നതിനുള്ള ആശയങ്ങളാണ് ശില്‍പശാലയിലൂടെ ലഭ്യമാകുന്നതെന്ന് ആദ്യ ദിന ശില്‍പശാലയ്ക്കു ശേഷം മികച്ച ചിത്രപുസ്തകവുമായി എത്തിയ എസ്ഡിപിവൈ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി സഫീര്‍ അഹമ്മദ് പറഞ്ഞു. ഈ അഭിപ്രായമാണ് ഇതേ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ഫഹദ് ജാന്‍സിലിനും പങ്കുവച്ചത്. ചിത്രകഥാ പുസ്തകത്തോടുള്ള താല്‍പര്യം ഉണര്‍ത്തുന്നതും പുസ്തകം രൂപപ്പെടുത്തുന്ന പ്രക്രിയ മനസ്സിലാക്കാനും ഉതകുന്നതുമാണ് ശില്‍പശാലയെന്ന് ഔര്‍ ലേഡീസ് സ്‌കൂളിലെ എയിന്‍ ഡിയോണ ജോസഫ് പറഞ്ഞു.

പാലക്കാട് ജനിച്ച വെങ്കി 1991 മുതല്‍ ബാലസാഹിത്യവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുകയാണ്. കുട്ടികള്‍ക്കായി 400 ചിത്രപുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുള്ള വെങ്കി ഒരു ഇംഗ്ലീഷ് പത്രത്തിന്റെ എഡിറ്റോറിയല്‍ ഇല്ലസ്‌ട്രേറ്റര്‍ ആയിരുന്നു. കവര്‍ചിത്ര രൂപകല്‍പ്പനയ്ക്കും കുട്ടികളുടെ പുസ്തകത്തിന്റെ ചിത്രത്തിനും സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുളള അദ്ദേഹം കൊച്ചിയിലാണ് താമസിക്കുന്നത്.

സ്വന്തമായി കഥകളും ചിത്രകഥാ പുസ്തകങ്ങളും രൂപപ്പെടുത്തുന്നതിനുള്ള അവസരമാണ് ശില്‍പ്പശാലയെന്ന് കെബിഎഫിന്റെ ആര്‍ട് ബൈ ചില്‍ഡ്രന്‍ പ്രോഗ്രാം മേധാവി ബ്ലെയിസ് ജോസഫ് പറഞ്ഞു. പഞ്ചതന്ത്ര കഥകളും ഈസോപ്പുകഥകളും കുട്ടികള്‍ വായിക്കാറുണ്ട്. സ്വതവേ കഥകളെ രൂപപ്പെടുത്താനുതകുന്ന പ്രാദേശിക കഥകള്‍ മനസ്സിലാക്കുന്നതിനുളള അവസരങ്ങള്‍ അവൂര്‍വ്വമാണ്. വ്യത്യസ്തമായി ചിന്തിക്കാന്‍ കുട്ടികളെ പഠിപ്പിക്കാത്തതിനാല്‍ അവരുടെ സങ്കല്‍പ്പങ്ങള്‍ ചുരുങ്ങിയതാണ്. ആയതിനാലാണ് കുട്ടികളോട് ചിത്രം വരയ്ക്കാനാവശ്യപ്പെടുമ്പോള്‍ ഫ്‌ളാറ്റുകളും എപ്പോഴും വരക്കുന്ന ചിത്രങ്ങളും പ്രത്യക്ഷപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top