Biennale

ബിനാലെ വേദിയില്‍ ചേഞ്ച്-150 പ്രചാരണത്തിന് തുടക്കമിട്ട് ഇന്ത്യ പോസ്റ്റ്

കൊച്ചി: രാജ്യം മഹാത്മാഗാന്ധിയുടെ 150-ാമത് ജന്മദിനത്തിന് തയ്യാറെടുക്കുമ്പോള്‍ വേറിട്ട പ്രചാരണവുമായി ഇന്ത്യ പോസ്റ്റ്. സമൂഹത്തില്‍ എന്തുമാറ്റമാണ് വേണ്ടതെന്ന് പൊതുജനങ്ങള്‍ക്ക് തപാല്‍ കാര്‍ഡില്‍ സ്വന്തം കയ്യക്ഷരത്തില്‍ എഴുതി നല്‍കാന്‍ സാധിക്കുന്നതാണ് ചേഞ്ച്-150.

ലോകത്തെന്തു മാറ്റം വരുത്താനാണോ ശ്രമിക്കുന്നത് ആ മാറ്റമായി മാറണമെന്നാണ് ഗാന്ധിജി ആഹ്വാനം ചെയ്തത്. ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഭാരതീയ തപാല്‍ വകുപ്പും സ്വകാര്യ പങ്കാളിയായ ലെറ്റര്‍ ഫാമും ചേര്‍ന്ന് ഈ പ്രചാരണത്തിന് തുടക്കമിട്ടത്. യുവാക്കളെ ഉദ്ദേശിച്ചാണ് ഈ പ്രചാരണം. സമൂഹത്തില്‍ നിങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാനുള്ള മാറ്റം തപാല്‍ കാര്‍ഡില്‍ എഴുതി നല്‍കാം. തെരഞ്ഞെടുക്കപ്പെടുന്ന 150 കാര്‍ഡുകള്‍ പ്രധാനമന്ത്രിക്ക് തപാല്‍ വകുപ്പ് സമര്‍പ്പിക്കും.

കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിന്റെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസിലാണ് ഇന്ത്യ പോസ്റ്റിന്റെ ഈ പദ്ധതി തുടങ്ങിയത്. ആസ്പിന്‍ വാള്‍ ഹൗസില്‍ ബിനാലെയുടെ ആദ്യാവസാനം തപാല്‍ വകുപ്പിന്റെ സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ 35 വയസ്സില്‍ താഴെയുള്ള യുവാക്കള്‍ക്കാണ് ആഗ്രഹിക്കുന്ന മാറ്റം എഴുതി അറിയിക്കാനവസരമുള്ളത്. അടുത്ത 30 ദിവസം തങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാനുള്ള മാറ്റം സമര്‍പ്പിക്കാം.

ഗാന്ധിജയന്തി ദിനത്തില്‍ സ്‌ക്കൂളുകള്‍ കേന്ദ്രീകരിച്ചാണ് ഈ പദ്ധതി തുടങ്ങിയത്. എന്നാല്‍ സ്‌ക്കൂളുകളില്‍ മാത്രം ഒതുക്കി നിറുത്താതെ യുവാക്കള്‍ക്ക് കൂടി അവസരം നല്‍കുന്ന വിധത്തില്‍ ഇത് വിപുലീകരിക്കണമെന്ന തപാല്‍ വകുപ്പിന്റെ ആശയത്തോടെയാണ് ബിനാലെയിലും ഇതിനുള്ള സംവിധാനം തുടങ്ങാന്‍ തീരുമാനിച്ചത്. ഗാന്ധിജിയുടെ രക്തസാക്ഷി ദിനം തന്നെ ഇതിനായി തെരഞ്ഞെടുക്കുകയും ചെയ്തു. ബിനാലെ മൂന്നാം ലക്കത്തില്‍ എപിജെ അബ്ദുള്‍ കലാമിന്റെ ആശയങ്ങള്‍ അടിസ്ഥാനമാക്കിയും പ്രചാരണ പരിപാടി തപാല്‍ വകുപ്പ് ആവിഷ്‌കരിച്ചിരുന്നു.

നിസാരമെന്നു തോന്നുന്ന തപാല്‍ കാര്‍ഡ് അതിശക്തമായ ആയുധമായി മാറുകയാണെന്ന് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഓഫീസിലെ അസി. ഡയറക്ടര്‍ വികെ രവീന്ദ്രനാഥ് പറഞ്ഞു. ലെറ്റര്‍ഫാമുമായി സഹകരിച്ചു കൊണ്ട് ഈ പദ്ധതി ബിനാലെയില്‍ അവതരിപ്പിക്കുന്നതില്‍ തപാല്‍ വകുപ്പിന് ഏറെ സന്തോഷമുണ്ട്. ഇത്തരം പരിപാടികള്‍ ഗാന്ധിജിയുടെ ദര്‍ശനങ്ങളെ അനശ്വരമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മഹാത്മജിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍ ഇത്തരമൊരു പരിപാടിയ്ക്ക് ആതിഥേയത്വം വഹിക്കാനായതില്‍ സന്തോഷമുണ്ടെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. വിദേശികളും സ്വദേശികളുമായ സന്ദര്‍ശകര്‍ക്കിടയില്‍ ഗാന്ധിജിയുടെ സന്ദേശമെത്തിക്കാനുള്ള മികച്ച ആശയമാണിത്. രാജ്യത്തെ യുവജനതയ്ക്ക് ഗാന്ധിജിയുടെ ദര്‍ശനങ്ങളിള്‍ ആകൃഷ്ടരാകാനും രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കാളികളാകാനും ലഭിച്ച അവസരമാണിതെന്നും ബോസ് ചൂണ്ടിക്കാട്ടി.

നാല് യുവകലാകാരന്മാര്‍ തെരഞ്ഞെടുത്ത 150 പോസ്റ്റ് കാര്‍ഡുകളുടെ പ്രദര്‍ശനവും ആസ്പിന്‍വാള്‍ ഹൗസിലെ തപാല്‍ വകുപ്പ് സ്റ്റാളില്‍ സംഘടിപ്പിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top