Bollywood

അമ്മ മനസ്സിന് മോഹഭംഗത്തോടെ മടക്കം…!

ശ്രീദേവി വിടവാങ്ങുന്നത് മകളെ നായികയായി കാണണമെന്നുള്ള സ്വപ്‌നം ബാക്കിയാക്കി

‘മോം’ എന്ന ചിത്രത്തിലായിരുന്നു വെള്ളിത്തിരയില്‍ ശ്രീദേവിയെ നമ്മളവസാനമായി കണ്ടത്. ബോളിവുഡ് സ്വപ്‌ന സുന്ദരിയുടെ അമ്മ വേഷം, സിനിമകളില്‍ മാത്രമല്ല യഥാര്‍ഥ ജീവിതത്തിലും ഏറെ ഹൃദ്യമാണ്. നിനയ്ക്കാത്ത നേരത്തുള്ള ശ്രീദേവിയുടെ പിന്‍വാങ്ങല്‍ മറ്റാരേക്കാളും ഞെട്ടിച്ചിരിക്കുന്നത് അവര്‍ രണ്ടുപേരേയുമാണ്. ജാന്‍വിയും ഖുശിയും, അമ്മയെപ്പോലെ സുന്ദരികളായ ശ്രീദേവിയുടെ രണ്ട് പെണ്‍മക്കള്‍. അമ്മയുടെ ഗൗരവങ്ങളില്ലാതെ കുസൃതിയോടും കുറുമ്പോടുംകൂടി രണ്ട് മക്കളോടും ഒന്നിച്ചുള്ള ശ്രീദേവിയുടെ നിമിഷങ്ങള്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

വെക്കേഷന്‍ സമയങ്ങളില്‍ മക്കളോടൊത്തുള്ള ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട് ശ്രീദേവി. ”ഒരിക്കല്‍പ്പോലും സ്ട്രിക്ട് ആയ അമ്മയായിരുന്നില്ല താന്‍, അതിന് മക്കള്‍ അവസരമുണ്ടാക്കിയിട്ടില്ല, അവര്‍ സെന്‍സിബിള്‍ ആയ കുട്ടികളാണ്, ഒരു അഭിമുഖത്തില്‍ ശ്രീദേവി പറയുന്നു.

മൂത്ത മകളായ ജാന്‍വിയാണ് കൂടുതല്‍ അനുസരണയുള്ളവള്‍. ഇളയവള്‍ ഖുശിയേക്കാളും കൂടുതല്‍ ശ്രദ്ധവേണമെന്ന് അവള്‍ക്ക് വാശിയാണ്. ”ജാന്‍വി, അവള്‍ എന്നെപ്പോലെ തന്നെയാണ്. വളരെ അനുസരണാ ശീലമുള്ളവള്‍. രണ്ടുമക്കളും ഞങ്ങളോട് ഏറെ അടുപ്പമുള്ളവര്‍ തന്നെ. ജാന്‍വിക്ക് എന്തിനും ഞാന്‍ വേണം, എന്നാല്‍ ഖുശി അങ്ങനെയല്ല, അവളുടെ കാര്യങ്ങള്‍ സ്വന്തമായി ചെയ്യാനാണ് അവള്‍ക്ക് ഇഷ്ടം. വളര്‍ന്ന് മുതിര്‍ന്ന കുട്ടി ആയെങ്കിലും ഇപ്പോഴും ഇടയ്‌ക്കൊക്കെ ജാന്‍വിയെ ഞാന്‍ തന്നെ ഭക്ഷണം കഴിപ്പിക്കേണ്ടി വരാറുണ്ട്. അവള്‍ക്ക് ഭക്ഷണകാര്യത്തില്‍ തീരെ ശ്രദ്ധയില്ല, അത് ഞാന്‍ തന്നെ ശ്രദ്ധിക്കണം. ചിലപ്പോള്‍ അവളെ ഉറക്കണമെന്നുകൂടി അവള്‍ ആവശ്യപ്പെടാറുണ്ട്, അതൊക്കെയാണ് അവളുടെ ഇഷ്ടങ്ങള്‍. പക്ഷെ ഖുശി ചെറുപ്പം മുതല്‍തന്നെ വളരെ ഇന്‍ഡിപെന്‍ഡന്‌റ് ആയ സ്വഭാവമുള്ളവളാണ് ” ശ്രീദേവി പറയുന്നു.

1996ലാണ് ചലച്ചിത്ര നിര്‍മാതാവായ ബോണി കപൂറിനെ ശ്രീദേവി വിവാഹം കഴിക്കുന്നത്. ഒരു വര്‍ഷത്തിനുശേഷമുള്ള മാര്‍ച്ച് മാസത്തിലാണ് ജാന്‍വി പിറക്കുന്നത്. 2000 നവംബറില്‍ ഖുശിയും.

ബോളിവുഡിലെ മറ്റ് താരദമ്പതികളില്‍ നിന്നും വ്യത്യസ്തമായി വിവാദങ്ങളില്‍ നിന്നും മാറിയാണ് ബോണി കപൂര്‍ ശ്രീദേവ് ദമ്പതികളുടെ ജീവിതം. ഊഷ്മളമായ ഈ കുടുംബബന്ധം മറ്റു താരങ്ങള്‍ക്ക് മാതൃകയാണ്.

ശ്രീദേവിയുടെ പുറകേ കൂടുന്ന ക്യാമറക്കണ്ണുകളില്‍ നിന്നും പാപ്പരാസികളില്‍ നിന്നും ഒരു പരിധിവരെ മക്കളെ മാറ്റി നിര്‍ത്താനായിരുന്നു അവര്‍ക്ക് ഇഷ്ടം. അനാവശ്യമായ പല പഴികളും ഇതിന്റെ പേരില്‍ അവര്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ എവിടെ എന്തുനടന്നാലും അപ്പോള്‍ ക്യാമറയില്‍ പകര്‍ത്തുന്ന നിങ്ങളില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാനാണ്, അതുമായി പൊരുത്തപ്പെട്ടുപോകുകയല്ലേ വേണ്ടത്, അതിനോട് സഹകരിക്കാന്‍ മക്കളും പഠിച്ചു കഴിഞ്ഞു എന്ന് പിന്നീട് ശ്രീദേവി തന്നെ പറയുകയുണ്ടായി.

മറ്റേത് മാതാപിതാക്കളേയും പോലെ മക്കളുടെ സുരക്ഷയെപ്പറ്റിയും അവര്‍ ആശങ്കപ്പെട്ടിരുന്നു. ”അവര്‍ പുറത്തു പോകുമ്പോഴൊക്കെ എനിക്ക് ആധിയാണ്, പക്ഷേ ഭാഗ്യമെന്ന് പറയട്ടെ, അവരുടെ പരിമിതികള്‍ അവര്‍ക്ക് അറിയാം, അവര്‍ ഉത്തരവാദിത്വമുള്ള കുട്ടികളാണ് എന്നാണ് ശ്രീദേവി തന്റെ മക്കളെപ്പറ്റി പറയുന്നത്.

ശ്രീദേവിയുടെ മൂത്ത മകള്‍ ജാന്‍വി കപൂര്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. മറാത്തി ചിത്രം ”സൈറാത്ത”് റീമേക്ക് ചെയ്ത് ഒരുക്കുന്ന ധടക്ക് എന്ന ചിത്രത്തിലാണ് ജാന്‍വി നായികയായെത്തുന്നത്. വാണിജ്യവിജയവും അതേസമയം നിരൂപക ശ്രദ്ധയും പിടിച്ചുപറ്റിയ ചിത്രമായിരുന്നു സൈറാത്ത്. കരണ്‍ ജോഹര്‍ നിര്‍മിക്കുന്ന ധടക്ക് സംവിധാനം ചെയ്യുന്നത് ശശാങ്ക് ഖയ്താന്‍ ആണ്.

സിനിമകളിലെ നര്‍ത്തക സംഘത്തില്‍ ഒരാളായി ജീവിതം നയിച്ച രാജേശ്വരി എന്ന കലാകാരിയുടെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു തന്റെ മകളെ ലോകമറിയുന്നൊരു ചലച്ചിത്ര താരമാക്കണമെന്നുള്ളത്. ആ അമ്മ കണ്ട സ്വപ്‌നത്തിന്റെ സാക്ഷാത്കാരമാണ് ശ്രീ അമ്മ യങ്കാര്‍ അയ്യപ്പന്‍ എന്ന നാലാം വയസ്സുകാരിയില്‍ നിന്ന് ശ്രീദേവി എന്ന ബോളിവുഡിന്റെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാറിലേക്കുള്ള ദൂരം. അതുപോലെ മകള്‍ ജാന്‍വിയുടെ സിനിമാ പ്രവേശം ശ്രീദേവിയുടെയും വലിയ സ്വപ്‌നമായിരുന്നു. ആ സ്വപ്‌നം ബാക്കിയാക്കിയാണ് ശ്രീദേവി യാത്രയാകുന്നത്.

2018 ജൂലൈ 20ന് ജാന്‍വിയുടെ ധടക്ക് തിയേറ്ററുകളിലെത്തും. ആ അമ്മയുടെ സ്വപ്‌നം മാസങ്ങള്‍ക്കപ്പുറം തിയേറ്ററുകളില്‍ കൈയടികള്‍ ഏറ്റുവാങ്ങാനൊരുങ്ങുമ്പോള്‍ മകളുടെ ഹൃദയം അമ്മയെ ഓര്‍ത്തു വിതുമ്പുമെന്ന് തീര്‍ച്ച. അനിവാര്യമായ മരണത്തിന്റെ നാള്‍ ഇത്തിരി ദിവസങ്ങളൊന്ന് നീട്ടിക്കിട്ടിയിരുന്നെങ്കിലെന്ന് നമ്മള്‍ അറിയാതെ ആഗ്രഹിച്ചു പോകുന്നു. അത്രയ്ക്ക് അഗാധമായിരുന്നു ശ്രീദേവിയും മക്കളും തമ്മിലുള്ള ബന്ധം. ആദ്യം പറഞ്ഞത് പോലെ, അവസാനമായി അവരെ നമ്മള്‍ കാണുന്നതും അമ്മയും മകളും തമ്മിലുള്ള ബന്ധം പറയുന്ന മോം എന്ന ചിത്രത്തിലായതും കാവ്യനീതിയുടെ യാദൃശ്ചികതയാവാം…

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top