Home app

പൂമ്പാറ്റ കൊച്ചുശ്രീദേവിയുടെ നൊമ്പരചിത്രം

സിനിമാ കൊട്ടകയിലിരുന്ന് കുടുംബസമേതം കരഞ്ഞ ചിത്രമായിരുന്നു 1971ല്‍ പുറത്തിറങ്ങിയ പൂമ്പാറ്റ. അഞ്ചു വയസ്സുകാരി ശ്രീദേവിയുടെ അവിസ്മരണീയമായ അഭിനയം ഇന്നും മലയാളി മനസുകളില്‍ നീറുന്ന ഒരനുഭവമാണ്. ബാല്യത്തില്‍ തന്നെ അമ്മയെ നഷ്ടപ്പെട്ട കുഞ്ഞനുഭവിക്കുന്ന വേദനകളാണ് പൂമ്പാറ്റയുടെ കഥ. അമ്മയുടെ കുഴിമാടത്തില്‍ ചെന്ന് വിതുമ്പിക്കരയുന്ന ശ്രീദേവിയുടെ ഭാവാഭിനയം ഒരഞ്ചുവയസ്സുകാരിയുടേതായിരുന്നില്ല.

അമ്മയുടെ കുഴിമാടത്തില്‍ വിതുമ്പുന്ന വാക്കുകളോടെയുള്ള ശ്രീദേവിയുടെ വിലാപം സിനിമാ പ്രേമികളുടെ മനസില്‍ ഇന്നും മായാതെ നില്‍ക്കുന്നു. ”അമ്മേ കൈയെല്ലാം നോവുന്നു. എനിക്ക് എപ്പോഴും പണിയാ, അമ്മച്ചി എന്നെ തല്ലും. എന്തിനാ അമ്മേ അമ്മച്ചിക്ക് എന്നെ കൊടുത്തേ? അമ്മേ ഞാന്‍ പോകുവാ. വൈകിയാല്‍ അമ്മച്ചി എന്നെ തല്ലും”. ബാലതാരമായി പൂമ്പാറ്റയില്‍ അഭിനയിക്കുമ്പോള്‍ തന്നെ ശോകാഭിനയത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ വിതുമ്പുന്ന ഒരോര്‍മ്മയായി കുഞ്ഞുശ്രീദേവി.

അനാഥബാല്യത്തിന്റെ ദു:ഖകഥ പറയുന്ന പൂമ്പാറ്റയില്‍ ശാരദ എന്ന കഥാപാത്രത്തെയാണ് ശ്രീദേവി അവതരിപ്പിച്ചത്. ടി.ആര്‍ ഓമന, പ്രേമ, ശങ്കരാടി എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ബികെ പൊറ്റക്കാട് സംവിധാനം ചെയ്ത പൂമ്പാറ്റയിലെ എല്ലാ ഗാനങ്ങളും ഹിറ്റായിരുന്നു. ജി ദേവരാജന്റെ സംഗീത സംവിധാനത്തില്‍ യൂസഫലി കേച്ചേരി എഴുതിയ മനോഹര വരികള്‍ അക്കാലത്തെ കൊച്ചുകുട്ടികളെ ഏറെ ആകര്‍ഷിച്ചിരുന്നു. മലയാള സിനിമയില്‍ പൂമ്പാറ്റയായി വന്ന് ഇന്ത്യന്‍ സിനിമാലോകത്തേക്ക് പാറിപ്പറന്ന ശ്രീദേവിക്ക് പിന്നീട് താരറാണിയാകാന്‍ അധികം സമയം വേണ്ടിവന്നില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top