ഫ്ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി20യില്‍ 22 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. മഴ തടസപ്പെടുത്തിയ കളിയില്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസിന്റെ സ്കോര്‍ 15.3 ഓവറില്‍ നാലിന് 98 എന്ന നിലയില്‍ നില്‍ക്കെ മഴയെത്തുകയായിരുന്നു. പിന്നാലെ ഇന്ത്യയെ വിജയിയായി പ്രഖ്യാപിച്ചു.
മോശം തുടക്കമാണ് ഇന്ത്യക്കെതിരെ വിന്‍ഡീസിന് ലഭിച്ചത്. എട്ട് റണ്‍സെടുക്കുന്നതിനിടെ അവരുടെ ഓപ്പണര്‍മാരായ സുനില്‍ നരെയ്നും (4), എവന് ലൂയിസും (0) പവലിയനില്‍ തിരിച്ചെത്തി. പിന്നീടെത്തിയ റോവ്മാന്‍ പവലിന് മാത്രമാണ് (54) തിളങ്ങാന്‍ സാധിച്ചത്. നിക്കോളാസ് പൂരന് 19 റണ്‍സെടുത്തു. കീറോണ്‍ പൊള്ളാര്‍ഡ് (8), ഷിംറോണ്‍ ഹെറ്റ്മയേര്‍ (6) എന്നിവര്‍ പുറത്താവാതെ നിന്നു. ഇന്ത്യക്ക് വേണ്ടി ക്രുനാല്‍ പാണ്ഡ്യ രണ്ടും വാഷിംഗ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി