ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തിനായി ഇന്ത്യന്‍ ടീം യുഎസില്‍ എത്തി. ശനിയാഴ്ച ഫ്ലോറിഡയിലാണ് ആദ്യമത്സരം നടക്കാന്‍ പോവുന്നത്. യുഎസില്‍ എത്തിയശേഷം തന്റെ ടീം അംഗങ്ങളുടെ ചിത്രം വിരാട് കോഹ്ലി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതാണ് ഇപ്പോള്‍ ആരാധകരെ ആശങ്കയിലാക്കിയത്. ചിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരാള്‍ മിസ്സിങ്ങായിരുന്നു.
രവീന്ദ്ര ജഡേജ, നവദീപ് സെയ്നി, ശ്രേയസ് അയ്യര്‍, കൃണാല്‍ പാണ്ഡ്യ, ഖലീല്‍ അഹമ്മദ്, ഭുവനേശ്വര്‍ കുമാര്‍, കെഎല്‍ രാഹുല്‍ എന്നിവരാണ് ചിത്രത്തിലുള്ളത്. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ചിത്രത്തില്‍ ഇല്ലാത്തത്. കോഹ്ലിയും രോഹിതും തമ്മില്‍ തര്‍ക്കത്തിലാണെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ചിത്രം കണ്ടതോടെ രോഹിത് എവിടെയെന്നാണ് ആരാധകരുടെ ചോദ്യം.
SQUAD 👊💯 pic.twitter.com/2uBjgiPjIa
— Virat Kohli (@imVkohli) August 2, 2019
രോഹിതും താനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വിരാട് കോഹ്ലി കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. അവസരം ലഭിക്കുമ്പോഴൊക്കെ രോഹിതിനെ പ്രശംസിക്കാറുള്ള വ്യക്തിയാണ് ഞാന്‍. അദ്ദേഹം അത്ര മികച്ച താരമാണെന്ന് എനിക്ക് ഉറച്ച ബോധ്യം ഉള്ളത് കൊണ്ടാണ്. ആരാണ് കുപ്രചരണങ്ങളിലൂടെ നേട്ടം ഉണ്ടാക്കുന്നതെന്ന് എനിക്കറിയില്ല. ഇന്ത്യന്‍ ക്രിക്കറ്റിനെ ഏറ്റവും മികച്ച ഉയരങ്ങളില്‍ എത്തിക്കാനാണ് ഞങ്ങളെല്ലാവരും ശ്രമിക്കുന്നത്. എന്നാല്‍ ചിലര്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ മോശമാക്കി ചിത്രീകരിക്കുന്നതില്‍ രസം കണ്ടെത്തുകയാണ്- കോഹ്ലി പറഞ്ഞു.