ദുബായ്: കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് ദുബായില്‍ നിന്നുള്ള ആദ്യ വിമാന സര്‍വീസ് ഇന്ന് രാത്രി ആരംഭിക്കും. ഗോ എയര്‍ ആണ് ദുബായ്- കണ്ണൂര്‍ റൂട്ടില്‍ ആദ്യ സര്‍വീസ് നടത്തുന്നത്. രാത്രി 12.20-ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നില്‍നിന്ന് പുറപ്പെടുന്ന വിമാനം വെള്ളിയാഴ്ച പുലര്‍ച്ച 5.35-ന് കണ്ണൂരിലെത്തും.
ഇപ്പോള്‍ കണ്ണൂരില്‍നിന്ന് അബുദാബിയിലേക്കും മസ്കറ്റിലേക്കും സര്‍വീസ് നടത്തുന്ന ഗോ എയര്‍ അധികം വൈകാതെ കുവൈത്ത് സിറ്റി സൗദിയിലെ ദമ്മാം എന്നിവിടങ്ങളിലേക്കും സര്‍വീസ് ആരംഭിക്കുമെന്ന് ഗോ എയര്‍ ഇന്റര്‍നാഷനല്‍ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് അര്ജുന് ദാസ് ഗുപ്ത അറിയിച്ചു. കണ്ണൂരില്‍നിന്ന് ദിവസവും വൈകീട്ട് 7.05-ന് പുറപ്പെടുന്ന വിമാനം രാത്രി 9.15-ന് ദുബായില്‍ എത്തിച്ചേരും. ഒരു ഭാഗത്തേക്ക് 335 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക്. നേരത്തേ ബുക്ക് ചെയ്യുന്നവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ കണ്ണൂരില്‍നിന്ന് ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ഗോ എയറിന് ആഭ്യന്തര സര്‍വീസുകളുണ്ട്. വൈകാതെ മുംബൈയിലേക്കും സര്‍വീസ് ആരംഭിക്കും.