യുഎസില്‍ പത്രങ്ങള്‍ പ്രതിസന്ധിയിലാണ്. വാര്‍ത്താ മാധ്യമങ്ങളാകട്ടെ വരുമാനത്തിനായി ഓണ്‍ലൈന്‍ സമ്പ്രദായങ്ങളിലേക്കു തിരിയുകയും ചെയ്യുന്നു. എന്തു സഹായവും നല്കാന് സന്നദ്ധമായി ഗൂഗിളുള്ളപ്പോള് കുഴപ്പമൊന്നും വരില്ല എന്നു കരുതിയ മാധ്യമലോകം തങ്ങളെഴുതിയ വാര്‍ത്തകളിലൂടെ ഗൂഗിളുണ്ടാക്കിയ വരുമാനത്തിന്റെ കണക്കു കേട്ട് ഞെട്ടിയിരിക്കുകയാണ്. 2018ല്‍ മാത്രം വാര്ത്താവിതരണത്തിലൂടെ ഗൂഗിള്‍ നേടിയത് 470 കോടി ഡോളറാണ്.യുഎസിലെ വാര്‍ത്താ വെബ്സൈറ്റുകളെല്ലാം കൂടി ഇതേ കാലയളവില്‍ നേടിയതും ഏതാണ്ട് ഇതേ തുക തന്നെ. കണക്കുകള്‍ പ്രകാരം ഓരോ ദിവസം ഗൂഗിള്‍ സേര്‍ച്ചില്‍ വരുന്ന അന്വേഷണങ്ങളില്‍ 40 ശതമാനവും വാര്‍ത്തകള്‍ക്കു വേണ്ടിയാണ്.
യുഎസിലെ 2000 പത്രങ്ങളടങ്ങിയ ന്യൂസ് മീഡിയ അലയന്‍സ് എന്ന സംഘടന ഗൂഗിളിന്റെ വരുമാനത്തിന്റെ ഒരു പങ്ക് ഈ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ അധ്വാനിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് അവകാശപ്പെട്ടതാണെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.