മാലി: ഇന്ത്യയെയും മാലിദ്വീപിനെയും ബന്ധിപ്പിച്ചു കൊണ്ടുള്ള ഫെറി സര്‍വ്വീസ് കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് സോലിഹും ഒപ്പുവെച്ചു. കേരളത്തിലെ കൊച്ചി തീരത്ത് നിന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലെ കുല്‍ഹുദുഫുഷി എന്ന പവിഴദ്വീപിലൂടെ മാലിദ്വീപിന്റെ ആസ്ഥാനമായ മാലിയിലേക്കാണ് ഫെറി സര്‍വ്വീസ് ആരംഭിക്കുക. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സ്ഥിരമായി പാസഞ്ചര്‍ കം കാര്‍ഗോ ഫെറി സര്‍വ്വീസ് ആരംഭിക്കുവാനാണ് തീരുമാനം. മാലിയില്‍ നിന്ന് കൊച്ചിയിലേക്ക് 700 കിലോമീറ്ററാണ് കടല്ദൂരമുള്ളത്. കുല്‍ഹുദുഫുഷിയിലേക്ക് 500 കിലോമീറ്ററാണ് കൊച്ചിയില്‍ നിന്ന് ദൂരമുള്ളത്.
നടപടികള്‍ വേഗത്തില്‍ ആരംഭിക്കുവാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കരാര്‍ ഒപ്പുവയ്ക്കാന്‍ സാധിച്ചതില്‍ വളരെയേറെ സന്തോഷമുണ്ടെന്ന് മോദി മാലിദ്വീപ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് പറഞ്ഞു. മാലിദ്വീപിന്റെ പരമോന്നത ബഹുമതിയായ ‘റൂള്‍ ഓഫ് നിഷാന്‍ ഇസുദ്ദീന്‍’ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു.