മലപ്പുറം: വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് ആവശ്യക്കാരെ കണ്ടെത്തി കഞ്ചാവ് വില്‍പ്പന നടത്തുന്ന നാലംഗസംഘം മലപ്പുറം കുറ്റിപ്പുറം എക്സൈസിന്റെ പിടിയിലായി. ഇവരില്‍ നിന്ന് നാല് കിലോയോളം കഞ്ചാവും പതിനേഴായിരം രൂപയും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. കഞ്ചാവ് വേണമെന്ന വ്യാജേനെയാണ് എക്സൈസ് പ്രതികളുമായി ബന്ധപ്പെട്ടത്. രണ്ടത്താണി സ്വദേശി അപ്പക്കാട്ടില്‍ ഫൈസല്‍, ആതവനാട് സ്വദേശി പറമ്പന്‍വീട്ടില്‍ റഷീദ്, അനന്താവൂര്‍ സ്വദേശി ചിറ്റകത്ത് മുസ്തഫ എന്നിവരാണ് കുറ്റിപ്പുറം എക്സൈസിന്റെ പിടിയിലായത്.
രണ്ടത്താണി, കോട്ടക്കല്‍, പുത്തനത്താണി മേഖലകളില്‍ ചില്ലറ കഞ്ചാവ് വില്‍പ്പന നടത്തുന്നവര്‍ക്ക് ആന്ധ്രയില്‍നിന്നും കഞ്ചാവ് എത്തിച്ചു നല്കുന്ന സംഘത്തിലെ കണ്ണികളാണ് ഇവര്‍. കഞ്ചാവ് വേണമെന്ന് ആവശ്യപ്പെട്ടാണ് എക്സൈസ് സംഘം പ്രതികളെ ഫോണില്‍ ബന്ധപ്പെട്ടത്. ഒരു കിലോ കഞ്ചാവിന് 25,000 രൂപയാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് പണം എത്തിച്ച് നല്‍കാമെന്ന ധാരണയില്‍ പ്രതികളെ വിളിച്ച് വരുത്തുകയായിരുന്നു. എന്നാല്‍ എക്സൈസ് സംഘമാണെന്ന് അറിഞ്ഞ് പ്രതികളില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു. ബാക്കി നാല് പേരെ എക്സൈസ് പിടികൂടി.