ട്വിറ്ററിലൂടെ തന്നെ അധിക്ഷേപിച്ചയാള്‍ക്ക് ബോളിവുഡ് നടന് അര്ജുന് കപൂര്‍ നല്കിയ മറുപടി ശ്രദ്ധനേടുന്നു. അര്ജുന് കപൂറും മലൈകയും തമ്മിലുള്ള പ്രണയത്തെ വിമര്‍ശിച്ചതിനും ശ്രീദേവിയെ വെറുത്തതിനും ചേര്‍ത്താണ് ഇയാള്‍ കമന്റിട്ടിരുന്നത്. കൗമാരക്കാരനായ ആണ്‍കുട്ടിയുടെ അമ്മയുമായി പ്രണയത്തിലാവുന്നതിന് ഒരു നാണവുമില്ലേയെന്നായിരുന്നു ഇയാള്‍ അര്‍ജുനോട് ട്വിറ്ററില്‍ ചോദിച്ചിരുന്നത്.
ട്വീറ്റ് വൈറലായതോടെയാണ് മറുപടിയുമായി അര്ജുന് കപൂര്‍ തന്നെ രംഗത്തെത്തുകയുണ്ടായത്. താന്‍ ഇതുവരെ ആരെയും വെറുത്തിട്ടില്ലെന്നും അന്തസ്സായി അകലം പാലിച്ചിരിക്കുകയായിരുന്നുവെന്നുമാണ് അര്ജുന് മറുപടി പറഞ്ഞിരിക്കുന്നത്. അങ്ങനെ അല്ലായിരുന്നുവെങ്കില്‍ തന്റെ പിതാവിനെയും സഹോദരങ്ങളായ ജാന്‍വിയെയും ഖുശിയെയും ഇപ്പോഴുള്ള പ്രതിസന്ധിയില്‍ സഹായിക്കാനാകുമായിരുന്നില്ലെന്നും അര്ജുന് കുറിച്ചിട്ടുണ്ട്. മറ്റുള്ളവരെക്കുറിച്ച് സംസാരിക്കുന്നതിനും വിലയിരുത്തുന്നതിനും മുന്‍പ് രണ്ട് വട്ടം ആലോചിക്കണമെന്നും മോശം കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അര്ജുന് ട്വീറ്റില്‍ താക്കീത് നല്‍കിയിട്ടുമുണ്ട്