Kerala

അസെന്‍ഡ് 2019; ‘ഇന്‍വെസ്റ്റ് കേരള ഗൈഡ്’ മുഖ്യമന്ത്രി പ്രകാശനം ചെയ്യും

കൊച്ചി: സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 11 ന് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അസെന്‍ഡ് 2019 ന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ‘ഇന്‍വെസ്റ്റ് കേരള ഗൈഡ’് പ്രകാശനം ചെയ്യും.

ബോള്‍ഗാട്ടി ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 9.30 ന് ആരംഭിക്കുന്ന സമ്മേളനത്തില്‍ കേന്ദ്ര വാണിജ്യ, വ്യവസായ, സിവില്‍, ഏവിയേഷന്‍ മന്ത്രി ശ്രീ സുരേഷ് പ്രഭു മുഖ്യാതിഥിയായിരിക്കും. വ്യവസായ, കായിക, യുവജനകാര്യ മന്ത്രി ശ്രീ ഇപി ജയരാജന്‍ ‘ഇന്‍വെസ്റ്റ് കേരള പോര്‍ട്ടലി’ന്റെ പ്രകാശനം നിര്‍വ്വഹിക്കും.

ഇന്ത്യക്കകത്തും വിദേശത്തുമുള്ള സംരംഭകര്‍ക്ക് ഉദ്യോഗസ്ഥ തലത്തിലുള്ള നടപടിക്രമങ്ങള്‍ പരമാവധി ലഘൂകരിച്ച് അനായാസമായി ബിസിനസ് ആരംഭിക്കുന്നതിനുള്ള അവസരങ്ങള്‍ നിക്ഷേപ സൗഹൃദ സംസ്ഥാനമായ കേരളത്തിലുണ്ട് എന്ന് വിളിച്ചോതുന്ന അവതരണങ്ങള്‍ക്കാണ് അസെന്‍ഡ് 2019 വേദിയാകുക.

വ്യവസായ, വാണിജ്യ മേഖലകള്‍ക്ക് പ്രയോജനം ലഭിക്കാനായി ഭരണസംവിധാനത്തിലും ബിസിനസ് അന്തരീക്ഷത്തിലും സ്വീകരിച്ച എല്ലാ പരിഷ്‌കാര നടപടികളും അണിനിരത്തും. സംസ്ഥാനത്ത് അനായാസമായി ബിസിനസ് ചെയ്യുന്നതിനുള്ള സര്‍ക്കാരിന്റെ ഭരണ പരിഷ്‌കാരങ്ങള്‍ അവതരണങ്ങളിലൂടേയും പാനല്‍ ചര്‍ച്ചകളിലൂടെയും സമ്മേളനത്തില്‍ ഭരണ നയകര്‍ത്താക്കു മുന്നില്‍ അവതരിപ്പിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ഏകജാലക സംവിധാനമായ കേരള സിംഗിള്‍ വിന്‍ഡോ ഇന്റര്‍ഫേസ് ഫോര്‍ ഫാസ്റ്റ് ട്രാന്‍സ്പരന്റ് ക്ലിയറന്‍സസ്(കെ-സ്വിഫ്റ്റ്), ഇന്റലിജന്റ് ബില്‍ഡിംഗ് പ്ലാന്‍ മാനേജ്മന്റ് സിസ്റ്റം (ഐബിപിഎംഎസ്) എന്നിവയുടെ അവതരണവും നടക്കും. സംസ്ഥാനത്ത് സംരംഭം തുടങ്ങുന്നതിനാവശ്യമായ ക്ലിയറന്‍സുകള്‍ ലഭ്യമാക്കുന്നതിനുള്ള പ്രഥമ സംയോജിത പ്ലാറ്റ്‌ഫോമാണ് കെ-സ്വിഫ്റ്റ്. ഉദ്യോഗസ്ഥ തലത്തിലുള്ള നടപടിക്രമങ്ങള്‍ പരമാവധി ലഘൂകരിച്ച് ലളിതമായി കൃത്യസമയത്തിനുള്ളില്‍ വകുപ്പുകളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും അനുമതികള്‍ ത്വരിതഗതിയില്‍ ലഭ്യമാക്കും.

എഫ്‌ഐസിസിഐ പ്രസിഡന്റ് ശ്രീ സന്ദീപ് സൊമാനി, സിഐഐ സതേണ്‍ റീജിയണ്‍ ചെയര്‍മാന്‍ ശ്രീ ആര്‍ ദിനേശ് തുടങ്ങി മേഖലയിലെ പ്രമുഖര്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കും.

ചീഫ് സെക്രട്ടറി ശ്രീ ടോം ജോസ് സ്വാഗതം ആശംസിക്കുന്ന സമ്മേളനത്തില്‍ വ്യവസായ, വാണിജ്യ, നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ. ഇളങ്കോവന്‍ ‘അസെന്‍ഡ് കേരള 2019’ അവതരണം നടത്തും. ടൈ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ശ്രീ എംഎസ്എ കുമാര്‍ നന്ദി പ്രകാശിപ്പിക്കും.

സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശ്രീ വികെ രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കുന്ന പ്ലീനറി സെഷനില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ഡോ. ശേഖര്‍ ഷാ, ഇന്‍വെസ്റ്റ് ഇന്ത്യ വൈസ് പ്രസിഡന്റ് ശ്രീ ദുഷ്യന്ത് ഠാക്കൂര്‍, ഏക ബയോകെമിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ശ്രീമതി ആര്‍ദ്ര ചന്ദ്രമൗലി, നവാള്‍ട്ട് സോളാര്‍ ആന്‍ഡ് ഇലക്ട്രിക് ബോട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ശ്രീ സന്ദിത് തണ്ടശ്ശേരി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും.

‘എംഎസ്എംഇ, ഭക്ഷ്യ സംസ്‌കരണ മേഖലകളിലെ അവസരങ്ങള്‍’ എന്ന വിഷയത്തിലെ പ്ലീനറി സെഷന് കെഎസ്‌ഐഡിസി ചെയര്‍മാന്‍ ശ്രീ ക്രിസ്‌ററി ഫെര്‍ണാണ്ടസ് നേതൃത്വം നല്‍കും. അഡിഷണല്‍ സെക്രട്ടറിയും ഡവലപ്‌മെന്റ് കമ്മിഷണറുമായ ശ്രീ റാം മോഹന്‍ മിശ്ര, ഫുഡ് പ്രോസസിംഗ് ജോയിന്റ് സെക്രട്ടറി ശ്രീ മിന്‍ഹാജ് അലാം, എംപെഡ ചെയര്‍മാന്‍ ശ്രീ കെഎസ് ശ്രീനിവാസ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ഡോ.എം ബീന എന്നിവര്‍ പങ്കെടുക്കും.

‘അനായാസമായി ബിസിനസ് ചെയ്യല്‍- മികച്ച രീതികള്‍ പങ്കുവയ്ക്കല്‍’ എന്ന സെഷനില്‍ ഡിഐപിപി അഡീഷണല്‍ സെക്രട്ടറി ശ്രീ ഷൈലേന്ദ്ര സിംഗ് അദ്ധ്യക്ഷത വഹിക്കും. ഹരിയാന ഇന്‍ഡസ്ട്രീസ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീ ദേവേന്ദര്‍ സിംഗ്, തെലങ്കാന ഇന്‍ഡസ്ട്രീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ ജയേഷ് രഞ്ചന്‍ എന്നിവര്‍ പങ്കെടുക്കും.

‘കേരളം – അനുയോജ്യ വ്യാവസായിക അന്തരീക്ഷം സാധ്യമാക്കല്‍’ എന്ന വിഷയത്തിലെ സെഷനില്‍ ഡോ കെ ഇളങ്കോവന്‍ ഐഎഎസ് അദ്ധ്യക്ഷത വഹിക്കും. വ്യവസായ വാണിജ്യ ഡയറക്ടര്‍ ശ്രീ കെ ബിജു അവതരണം നടത്തും.

‘തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ അനായാസ ബിസിനസ് പ്രാവര്‍ത്തികമാക്കല്‍’ എന്ന വിഷയത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എ.സി. മൊയ്തീന്‍ സംസാരിക്കും. ഐബിപിഎംഎസിന്റെ പ്രകാശനവും അദ്ദേഹം നിര്‍വ്വഹിക്കും. ഇന്‍ഡസ്ട്രിസ് സെക്രട്ടറിയും കെഎസ്‌ഐഡിസി എംഡിയുമായ ഡോ. ഷര്‍മിള മേരി ജോസഫ് പങ്കെടുക്കും.

മന്ത്രി ശ്രീ ഇപി ജയരാജന്‍ അഭിസംബോധന ചെയ്യുന്ന സമാപന സമ്മേളനത്തില്‍ ചീഫ് സെക്രട്ടറി ശ്രീ ടോം ജോസും പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ ഇളങ്കോവനും പങ്കെടുക്കും. പ്രതിനിധികള്‍ക്ക് www.ascendkerala2019.org എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top