കൊച്ചി : രാജ്യത്തിന്റെ പൈതൃക വാസ്തുവിദ്യ സംരക്ഷിക്കാന്‍ പുതു തലമുറ ആര്‍ക്കിടെക്റ്റ് വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞാ ബദ്ധമായിരിക്കണമെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്. ആറന്മുളയിലെ പൈതൃക ഗ്രാമ സംരക്ഷണം ഈ മേഖലയിലുള്ള മാതൃകാ പദ്ധതിയാണ്. ആര്‍ക്കിടെക്റ്റുകള്‍ പരിസ്ഥിതിയെ അനുദിനം വീക്ഷിച്ചുകൊണ്ട് നവമായ മാറ്റങ്ങള്‍ വാസ്തു വിദ്യാരംഗത്ത് വരുത്തേണ്ടതുണ്ടെന്നും കുമ്മനം പറഞ്ഞു. ഏഷ്യന്‍ സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ ആന്റ് ഡിസൈന്‍ ഇന്നോവേഷന്‍സിന്റെ (ആസാദി) പ്രഥമ ബാച്ചിന്റെ ബിരുദദാന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രന് ആശംസ അറിയിച്ചു.
തൃപ്പൂണിത്തുറ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ചന്ദ്രിക ദേവി, അംബാസിഡര്‍ ടി.പി. ശ്രീനിവാസന്, എം.ജി.യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം അഡ്വ. പി.കെ. ഹരികുമാര്‍, ആസാദി ചെയര്മാന് ആര്‍ക്കിടെക്റ്റ് ബി.ആര്.അജിത്ത്, പ്രിന്‍സിപ്പാള്‍ ആര്‍ക്കിടെക്റ്റ് പ്രൊഫ.ജയിംസ് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ആദ്യ ബാച്ചിലെ 10 കുട്ടികളെയാണ് ബിരുദം നല്കി അനുമോദിച്ചത്.