Biennale

ഐതിഹ്യമാലയെ ഓര്‍മ്മിപ്പിച്ച് ബിനാലെയിലെ വ്യാം പ്രൊജക്ട്

കൊച്ചി: പതിനൊന്ന് സഹോദരന്‍മാര്‍ക്ക് ഒറ്റ സഹോദരിയായിരുന്ന കാടങ്കോട്ട് മാക്കത്തിന്റെ കഥ ഐതിഹ്യമാലയിലൂടെ ഏവര്‍ക്കും പരിചിതമാണ്. കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിലെ ഗോണ്ട് ഗോത്ര കലാകാര ദമ്പതികളായ ദുര്‍ഗാഭായി വ്യാം, സുഭാഷ് വ്യാം എന്നിവരുടെ ചിത്രപ്രതിഷ്ഠാപനം കാടങ്കോട്ട് മാക്കത്തിന്റെ കഥയെ ഓര്‍മ്മിപ്പിക്കുന്നതാണ്.

അസൂയാലുക്കളായ ഭാര്യമാരുടെ ഏഷണിയില്‍ വശംവദരായി 11 ആങ്ങളമാരും ചേര്‍ന്ന് കാടങ്കോട്ട് മാക്കത്തിന് വകവരുത്തുന്നതാണ് ഐതിഹ്യമാലയിലെ കഥ. വ്യാം പ്രൊജക്ടിലെ പ്രതിഷ്ഠാപനത്തിലെ ദസ് മോത്തിന്‍ കന്യകയും ജലദേവതയും എന്ന കഥയും ഇതുമായി ഏറെ സാമ്യമുള്ളതാണ്. ഗോണ്ട് കഥയില്‍ അഞ്ച് സഹോദരന്‍മാരും കുഞ്ഞു പെങ്ങളുമാണുള്ളത്. ഈ കഥയില്‍ പെങ്ങള്‍ വധിക്കപ്പെടുന്നതിനു മുമ്പ് പക്ഷിയായി മാറുകയും ചെയ്യുന്നതാണ് ഗോണ്ട് നാടോടിക്കഥ. പിന്നീട് നായാട്ടിനായി സഹോദരന്‍മാരെത്തുമ്പോള്‍ അവര്‍ പക്ഷിയായ സഹോദരിയെ തിരിച്ചറിയുന്നു.

മധ്യപ്രദേശിലെ ആദിവാസി ഗോത്രമായ ഗോണ്ടുകളുടെ ചിത്രകലയായ ഭിട്ടി ചിത്രകലയില്‍ നിന്നും വ്യാം ദമ്പതികള്‍ ഏറെ മുന്നോട്ടു പോയിക്കഴിഞ്ഞു. തലമുറകളായി ഉരുത്തിരിഞ്ഞു വന്ന ഈ കലയില്‍ അവരുടേതായ മാറ്റങ്ങളും സംഭാവനകളും വ്യാം ദമ്പതികള്‍ നല്‍കിയിട്ടുണ്ട്.

ബിനാലെ നാലാം ലക്കത്തിന്റെ പ്രധാനവേദിയായ ഫോര്‍ട്ട്‌കൊച്ചി ആസ്പിന്‍വാള്‍ ഹൗസിലാണ് വ്യാം പ്രതിഷ്ഠാപനം ഒരുക്കിയിട്ടുള്ളത്. ഗോണ്ട് പാരമ്പര്യത്തിന് വിപരീതമായി പ്രത്യേകം തയ്യാറാക്കിയ പ്ലൈവുഡിലാണ് സൃഷ്ടി നടത്തിയിരിക്കുന്നത്. എന്നാല്‍ ചിത്രങ്ങള്‍ക്കോ അതിന്റെ പാരമ്പര്യമായ രചനാരീതികള്‍ക്കോ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നതും പ്രത്യേകതയാണ്.

അന്യതയില്‍ നിന്നും അന്യോന്യതയിലേക്ക് എന്ന ബിനാലെ നാലാം ലക്കത്തിലെ ക്യൂറേറ്റര്‍ പ്രമേയത്തോട് ഏറെ അടുത്തു നില്‍ക്കുന്ന ഒന്നാണ് വ്യാം പ്രൊജക്ട്. പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാന്‍ അനിത ദുബെയാണ് പ്രേരിപ്പിച്ചതെന്ന് ദുര്‍ഗാഭായി പറഞ്ഞു. സാധാരണ മണ്ണ് തേച്ച പ്രതലത്തിലാണ് കലാരചന നടത്തുന്നത്. എന്നാല്‍ ദുബെയുടെ ഉപദേശപ്രകാരമാണ് പ്ലൈവുഡ് മാധ്യമമായി സ്വീകരിച്ചതെന്നും അവര്‍ പറഞ്ഞു.

മികച്ച സ്ത്രീപക്ഷ നാടോടിക്കഥയാണ് ദസ് മോത്തിന്‍ കന്യ. പെണ്‍കുട്ടിയെ രാജകുമാരിയോപ്പോലെ വളര്‍ത്തണമെന്ന സന്ദേശമാണ് ഇത് നല്‍കുന്നത്. മരണം വരെ അഞ്ച് സഹോദരന്‍മാരോടും മാതാപിതാക്കള്‍ക്ക് പറയാനുള്ളത് ഏക സഹോദരിയുടെ സുരക്ഷയെക്കുറിച്ചും ക്ഷേമത്തെക്കുറിച്ചും മാത്രമാണ്.

നാടോടിക്കഥയ്ക്കപ്പുറം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യവും ഈ പ്രതിഷ്ഠാപനം മുന്നോട്ടു വയ്ക്കുന്നുണ്ട്. പുഴയും, കുരുവിയും, പാമ്പും, കാളകളുമെല്ലാം രചനകള്‍ നിറഞ്ഞു നില്‍ക്കുകയാണ്. ജലസംരക്ഷണത്തിന്റെ സന്ദേശമാണ് വ്യാം ദമ്പതികള്‍ കഥയിലൂടെ പറയാന്‍ ഉദ്ദേശിക്കുന്നത്. ഭോപ്പാലിലും പരിസരപ്രദേശങ്ങളിലും ജലസംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ ഇവര്‍ നടത്തി വരുന്നു.

ദി നൈറ്റ് ലൈഫ് ഓഫ് ട്രീസ് എന്ന പുസ്തകത്തിന്റെ സഹരചയിതാവ് കൂടിയായ ദുര്‍ഗാഭായിയ്ക്ക് 2008 ല്‍ ബോലോഗണ രാഗാസി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ടേണിംഗ് ദി പോട്ട്, ടില്ലിംഗ് ദി ലാന്റ് എന്നീ പുസ്തകങ്ങള്‍ക്കായുള്ള രേഖാചിത്രം വരച്ചതും ദുര്‍ഗാഭായിയാണ്. ഭര്‍തത്താവ് സുഭാഷ് വ്യാമുമായി ചേര്‍ന്ന് ഡോ. ബി ആര്‍ അംബേദ്കറെ കുറിച്ച് ‘ഭീമയാന’ എന്ന പുസ്തകവും അവര്‍ രചിച്ചിട്ടുണ്ട്.

വാമൊഴിയായി കൈമാറി വന്ന നാടോടിക്കഥകളാണ് ഗോണ്ട്കലയുടെ ഹൃദയം. എന്നാല്‍ സമകാലീന കലാരീതികള്‍ കൊണ്ട് ഇതിനെ പരിപോഷിപ്പിക്കാന്‍ വ്യാം ദമ്പതികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെയാണ് സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്ന ദൃശ്യവിസ്മയമായി ഇത് മാറുന്നതും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top