ആഗോള വിപണിയിലെ തുടര്‍ച്ചയായ തകര്‍ച്ചയ്ക്കൊപ്പം മൂന്നാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി വിലയിടിവിന്റെ പാതയിലായിരുന്നു. തിങ്കളാഴ്ച വ്യാപാരമവസാനിക്കുമ്പോള്‍ സെന്‍സെക്സ് 271.92 പോയിന്റ് നഷ്ടത്തില്‍ 35470.15ലാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റി 90.50 പോയിന്റ് താഴ്ന്ന് 10,663.50ലാണ് വ്യാപാരമവസാനിച്ചത്. നിഫ്റ്റിയിലെ 36 ഓഹരികള്‍ നഷ്ടത്തിലാണ് കലാശിച്ചത്. ഹീറോ മോട്ടോ കോര്‍പ്, ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ക്കാണ് വന്‍തോതില്‍ വിലയിടിഞ്ഞത്.
നിഫ്റ്റി ഐടി പൊതുമേഖലാ സൂചിക ഒഴികെ മറ്റെല്ലാ സൂചികയും നഷ്ടത്തിലാണ് കലാശിച്ചത്.
സെന്‍സെക്സില്‍ വലിയ വിലത്തകര്‍ച്ച നേരിട്ടത് ഹീറോ മോട്ടോകോര്‍പ്, ബജാജ് ഓട്ടോ, എന്‍ടിപിസി, എച്ച്ഡിഎഫ്സി കമ്പനികളുടെ ഓഹരികള്‍ക്കാണ്.
അമേരിക്കയില്‍ സംജാതമായിരിക്കുന്ന അനിശ്ചിതാവസ്ഥ ആഗോള വിപണികളില്‍ കരടികളുടെ കളികള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
ജിഎസ്ടി കൗണ്‍സില്‍ ഇരുപതോളം ഉത്പന്നങ്ങള്‍ക്ക് പ്രഖ്യാപിച്ച നികുതി ഇളവുകള്‍ നിക്ഷേപകര്‍ സ്വീകരിച്ചുവെങ്കിലും വിപണി ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.
ക്രിസ്തുമസ് അവധിക്ക് ശേഷം ആഗോള വിപണി എങ്ങോട്ട് നീങ്ങുമെന്ന ആകാംക്ഷയിലാണ് ഓഹരി നിക്ഷേപകര്‍. വിപണി കരടിവലയത്തിലാകുമോ എന്നാണവര്‍ ആശങ്കപ്പെടുന്നത്.