Kerala

45കാരന്റെ മുഖത്തെ അഞ്ചു കിലോഗ്രാം വരുന്ന ട്യൂമര്‍ 12 മണിക്കൂര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

കൊച്ചി: നാല്‍പ്പത്തഞ്ച്കാരന്റെ താടിയെല്ലില്‍ ഉണ്ടായ 5 കിലോഗ്രാം ഭാരമുളള ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. പാലക്കാട് സ്വദേശിയായ മജീദ് എന്നയാളുടെ താടിയെല്ലില്‍ രൂപപ്പെട്ട ട്യൂമറാണ് സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.

നാലു കുട്ടികളുടെ പിതാവ് കൂടിയായ മജീദ് കഴിഞ്ഞ 10 വര്‍ഷമായി മുഖം പുറത്തു കാണിക്കാനാവാതെ ഒറ്റപ്പെട്ടു കഴിയുകയായിരുന്നു. താഴത്തെ താടിയെല്ലിനെ ബാധിച്ച ഓസ്റ്റിയോസര്‍കോമയെന്ന് വിളിക്കുന്ന ചെറിയ തരത്തിലുള്ള കാന്‍സറായിരുന്നു കാരണം. കൊച്ചിയിലെ അമൃത ആശുപത്രിയിലെ 12 സര്‍ജന്‍മാര്‍ ചേര്‍ന്ന് ഏതാനും ദിവസം മുമ്പാണ് മജീദിന്റെ ജീവിതം മാറ്റിയെഴുതിയത്.

മജീദിന്റെ താഴത്തെ താടിയെല്ലില്‍ 2008 മുതലാണ് ട്യൂമറിന്റെ വളര്‍ച്ച തുടങ്ങിയത്. എല്ലുകളുടെയും നാരുകളുള്ള കോശങ്ങളുടെയും കൂട്ടമായ വളര്‍ച്ച മുഖത്തിന്റെ ഭാവം തന്നെ മാറ്റി. കീമോതെറാപ്പി തുടരുന്നതിനിടെ മുഖത്തെ മുഴ വളര്‍ന്നുകൊണ്ടിരുന്നു. ജീവിതം കൂടുതല്‍ ദുഷ്‌ക്കരവുമായി. ഇതിനിടയിലാണ് അമൃതയില്‍ ഇത്തരം ഒരു ശസ്ത്രക്രിയ നടത്തിയതിനെ കുറിച്ച് മജീദ് കേള്‍ക്കാന്‍ ഇടയായതും ഇവിടെ ചികില്‍സ നടത്താന്‍ തീരുമാനിച്ചതും.

ട്യൂമര്‍ നീക്കം ചെയ്ത ശേഷം മജീദിന്റെ കാലിലെ അസ്ഥി ഉപയോഗിച്ചാണ് താടിയെല്ല് പുനര്‍നിര്‍മ്മിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ചുണ്ടുകളടക്കം പുനര്‍നിര്‍മ്മിക്കുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാഴ്ച്ച പിന്നിടുമ്പോള്‍ മജീദിന് സാധാരണ രീതിയില്‍ ഭക്ഷണം കഴിക്കാനും സംസാരിക്കാനും സാധിക്കുന്നുണ്ട്.

ഒറ്റപ്പെട്ട് ജീവിക്കുകയായിരുന്ന തനിക്കിത് പുനര്‍ജന്മമാണെന്ന് ശസ്ത്രക്രിയയ്ക്ക് ശേഷം മജീദ് പറഞ്ഞു. അസുഖം വീണ്ടും വരാതിരിക്കാന്‍ രണ്ടാഴ്ച കീമോതെറാപ്പി തുടരേണ്ടതിനാല്‍ മജീദ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ഇതിനുശേഷം മജീദിന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുപോകാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top