പമ്പ: ശബരിമല യുവതീ പ്രവേശന പ്രതിഷേധങ്ങള്‍ സംസ്ഥാനത്തുടനീളം ആളിക്കത്തുമ്പോഴും അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിതത്തിലായ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരേയും തീര്‍ത്ഥാടകരേയും ആരും കാണുന്നില്ല. തലചായ്ക്കാന്‍ ഇടമില്ലാതെ, കഴിക്കാന്‍ ഭക്ഷണം പോലും ഇല്ലാതെ ദുരിതജീവിതം നയിച്ച് കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ പമ്പയില്‍ അലയുകയാണ്.
ശബരിമല ഡ്യൂട്ടിക്ക് പമ്പ കെ.എസ്.ആര്.ടി.സി ഡിപ്പോയിലെത്തിയ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും കഴിയുന്ന മുറിയില്‍ ശ്വാസം വിടാന്‍ പോലും ഇടമില്ല. പലരും പുറത്തെ വരാന്തയിലാണ് ഉറക്കം. ബാഗും പണവും സൂക്ഷിക്കാനിടമില്ല. സര്‍വീസിന് ഇ- ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തിയതിനാല്‍ കണ്ടക്ടര്‍മാരുടെ ആവശ്യമില്ല. ഒരു ബസിന് രണ്ടു ഡ്രൈവര്‍മാരും ഒരു കണ്ടക്ടറുമാണ് എത്തിയത്. എന്നാല്‍ കണ്ടക്ടര്‍മാരെ തിരിച്ചു പോകാന്അനുവദിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം ഡിപ്പോയിലെത്തിയ കെ.എസ്.ആര്.ടി.സി എം.ഡി ടോമിന് തച്ചങ്കരി ജോലിയില്ലാത്ത ജീവനക്കാരെ അതത് ഡിപ്പോയിലേക്ക് തിരിച്ചയയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടും ഇതുവരെ നടപടിയുണ്ടായില്ല.