Kerala

റഫാല്‍ വിവരങ്ങള്‍ പൂര്‍ണമായും വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്രം

റഫാല്‍ യുദ്ധവിമാനങ്ങളുടെ വില അടക്കമുള്ള വിവരങ്ങള്‍ പൂര്‍ണമായും വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വിശദവിവരം വെളിപ്പെടുത്തുന്നത് ശത്രുരാജ്യങ്ങളെ സഹായിക്കും. അടിസ്ഥാന വില മാത്രമേ കോടതിക്കും നല്‍കാനാകൂവെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

റഫാലിന്റെ വിശദ വിവരങ്ങള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനു സുപ്രീംകോടതി ബുധനാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ തന്ത്രപ്രധാന രഹസ്യ വിവരങ്ങളാണിതെന്നു പറഞ്ഞ് ഉത്തരവിനെ കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറലും സോളിസിറ്റര്‍ ജനറലും എതിര്‍ത്തിരുന്നു. ഇതേതുടര്‍ന്നു വിലവിവരം കൈമാറുന്നതില്‍ സര്‍ക്കാര്‍ തയാറല്ലെങ്കില്‍ അക്കാര്യം രേഖപ്പെടുത്തി സത്യവാങ്മൂലം നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.

കരാറിലേക്കു ചെന്നെത്തിയ നടപടികളും തീരുമാനങ്ങളും വില അടക്കമുള്ള വിശദാംശങ്ങളും ലഭ്യമാക്കണമെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. സര്‍ക്കാര്‍ ഈ വാദത്തെ പൂര്‍ണമായി എതിര്‍ത്തെങ്കിലും വിവരങ്ങള്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നു ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് ഉത്തരവിടുകയായിരുന്നു. ഔദ്യോഗിക രഹസ്യ നിയമ പ്രകാരം വെളിപ്പെടുത്താനാകാത്ത രേഖകളാണ് മുദ്രവച്ച കവറില്‍ കോടതിയില്‍ നല്‍കേണ്ടത്.

റഫാല്‍ വിമാനങ്ങളുടെ വില, ആ വില നിശ്ചയിക്കാനുള്ള കാരണം, അതുകൊണ്ടുണ്ടായ നേട്ടം എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങള്‍ സമര്‍പ്പിക്കണം. കരാറിലെ പങ്കാളികളെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങളും ഇടപാടിന്റെ നടപടിക്രമങ്ങളും സര്‍ക്കാര്‍ വ്യക്തമാക്കണം. വിവരങ്ങളെല്ലാം ഹര്‍ജിക്കാര്‍ക്ക് നല്‍കണമെന്നാണ് ആദ്യം കോടതി നിര്‍ദേശിച്ചത്. എന്നാല്‍, പാര്‍ലമെന്റില്‍ പോലും ഹാജരാക്കാത്ത രേഖകളും വിവരങ്ങളും പുറത്തുവിടാനാകില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും അറിയിച്ചു.
ഇതേത്തുടര്‍ന്ന്, പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കഴിയുന്ന വിവരങ്ങള്‍ ഹര്‍ജിക്കാര്‍ക്കു നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. ഔദ്യോഗിക രഹസ്യത്തില്‍ ഉള്‍പ്പെടുന്നതോ, ഉഭയകക്ഷി സ്വഭാവത്തിലുള്ളവയോ അല്ലാത്ത വിവരങ്ങള്‍ എതിര്‍ കക്ഷികള്‍ക്കു കൈമാറണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top