Kerala

തൃശൂരില്‍ വീണ്ടും എടിഎം തകര്‍ത്തു; മോഷണശ്രമമല്ലെന്ന് പോലീസ്

തൃശൂരില്‍ എടിഎം തകര്‍ത്ത നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ചാവക്കാട് എസ്ബിഐയുടെ എടിഎമ്മാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ ആറ് മണിക്ക് എടിഎമ്മിലെത്തിയ ഇടപാടുകാരനാണ് എടിഎം മെഷീന്‍ തകര്‍ന്നുകിടക്കുന്ന വിവരം പോലീസിനെ അറിയിച്ചത്. എന്നാല്‍ സംഭവത്തിനു പിന്നില്‍ മോഷണശ്രമമല്ലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

സംഭവത്തിന് പിന്നില്‍ പ്രൊഫഷണല്‍ മോഷ്ടാക്കള്‍ ആകാനുള്ള സാധ്യതകള്‍ ഇല്ലെന്നും പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇടപാടിനായി എത്തിയ ആരെങ്കിലും എടിഎം സ്‌ക്രീന്‍ തല്ലിപ്പൊളിച്ചതാവാനാണ് സാധ്യതയെന്നും പോലീസ് പറയുന്നു. ഉള്‍പ്രദേശത്തായി സ്ഥിതി ചെയ്യുന്ന എടിഎമ്മില്‍ മിക്കപ്പോഴും പണം ഉണ്ടാകാറില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്. അങ്ങനെയെങ്കില്‍ ഇടപാടുകാരാകാം എടിഎം തകര്‍ത്തതിനു പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം മാത്രമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകു.

അതേസമയം സംസ്ഥാനത്തുടനീളം ഉണ്ടായ നാലോളം എടിഎം കവര്‍ച്ച കേസുകളില്‍ തുമ്പൊന്നും കിട്ടാതെ ഇരുട്ടില്‍ തപ്പുകയാണ് പോലീസ്. തെളിവുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും മോഷ്ടാക്കളെക്കുറിച്ച് യാതൊരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top