Kerala

സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിനു നേരെ അജ്ഞാതരുടെ ആക്രമണം: രണ്ട് കാറുകള്‍ കത്തിച്ചു

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുണ്ടമണ്‍കടവിലുള്ള ആശ്രമത്തിനു നേരെ അജ്ഞാതരുടെ ആക്രമണം. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. രണ്ട് കാറുകള്‍ തീയിട്ടു നശിപ്പിച്ച അക്രമികള്‍ ആശ്രമത്തിന് മുന്നില്‍ റീത്ത് വച്ചു.

ബൈക്കിലെത്തിയ അക്രമികള്‍ കാറിന് തീയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തീ ആളിപ്പടരുന്നത് കണ്ട ആശ്രമത്തിലുള്ളവര്‍ അഗ്‌നിശമന സേനയെ വിവരം അറിയിച്ചു. അവരെത്തിയാണ് തീയണച്ചത്.

ആക്രമണത്തിന് പിന്നില്‍ സംഘപരിവാറും അയ്യപ്പധര്‍മസേന സംസ്ഥാന പ്രസിഡന്റ് രാഹുല്‍ ഈശ്വറും തന്ത്രി കുടുംബവുമാണെന്ന് സ്വാമി സന്ദീപാനന്ദ ഗിരി ആരോപിച്ചു. ഇതിന് അവര്‍ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഭയപ്പെടുത്തി നിശബ്ദമാക്കാമെന്ന് കരുതേണ്ടെന്ന് സന്ദീപാനന്ദഗിരി പ്രതികരിച്ചു.

ആക്രമണത്തേപ്പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ഉണ്ടെങ്കിലും അത് പ്രവര്‍ത്തന രഹിതമായിരുന്നുവെന്ന് സന്ദീപാനന്ദഗിരി പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശത്തില്‍ അനുകൂല നിലപാടെടുത്തതിന് കഴിഞ്ഞാഴ്ച ആശ്രമത്തിലേക്ക് പ്രതിഷേധവും നടന്നിരുന്നു.

അതേസമയം, ആക്രമണത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കേരളത്തില്‍ അംഗീകരിക്കാന്‍ കഴിയാത്തകാര്യമാണ് സംഭവിച്ചതെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പി.പ്രകാശ് അന്വേഷണത്തിന് നേതൃത്വം നല്‍കുമെന്നും ബെഹ്‌റ വ്യക്തമാക്കി.

ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചു. അസഹിഷ്ണുക്കളാണ് ആക്രമണം നടത്തിയതെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ആശ്രമം സന്ദര്‍ശിക്കവെ മുഖ്യമന്ത്രി പ്രതികരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top