Latest News

അയല്‍പക്കത്ത് അട്ടിമറി; ശ്രീലങ്കയില്‍ മഹീന്ദ രജപക്‌സെ പുതിയ പ്രധാനമന്ത്രി

ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രീപാലാ സിരിസേന പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയ്ക്കുള്ള പിന്തുണ പിന്‍വലിച്ചു. പുതിയ പ്രധാനമന്ത്രിയായി മുന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെയെ നിയമിച്ചു.

രാഷ്ട്രീയമായി ഏറെ അഭിപ്രായ വ്യത്യാസമുണ്ടായിട്ടും മഹീന്ദ രജപക്‌സെയെ ഭരണത്തില്‍നിന്ന് പുറത്താക്കാനാണ് മൈത്രിപാല സിരിസേനയും റെനില്‍ വിക്രമസിംഗെയും 2015ല്‍ സഖ്യം രൂപീകരിച്ചത്. എന്നാല്‍ ശ്രീലങ്കയിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ രജപക്‌സെ രൂപീകരിച്ച പുതിയ പാര്‍ട്ടി വന്‍ വിജയം നേടിയതോടെയാണ് ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടിയും യുണൈറ്റഡ് നാഷനല്‍ പാര്‍ട്ടിയും ചേര്‍ന്നുള്ള സഖ്യകക്ഷി സര്‍ക്കാരില്‍ അസ്വസ്ഥതകള്‍ രൂപംകൊണ്ടത്. ശ്രീലങ്കന്‍ സാമ്പത്തിക നയം മുതല്‍ ഭരണം വരെയുള്ള വിഷയങ്ങളില്‍ സിരിസേനയും വിക്രമസിംഗെയും തമ്മില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു.

എന്നാല്‍ പ്രസിഡന്റിന്റെ നീക്കം ഭരണഘടനാപരമായി നിലനില്‍ക്കില്ലെന്നാണ് വിലയിരുത്തല്‍. വ്യക്തമായ ഭൂരിപക്ഷമില്ലാതെ പ്രധാനമന്ത്രിയെ സ്ഥാനത്തുനിന്നു പുറത്താക്കാനാകില്ലെന്നും വിവരമുണ്ട്. 225 അംഗ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകള്‍ വേണം. സിരിസേന രജപക്‌സെ സഖ്യത്തിന് 95 സീറ്റുകള്‍ മാത്രമാണുള്ളത്. വിക്രമസിംഗെയ്ക്കാകട്ടെ 106 സീറ്റുകളുണ്ട്. വിക്രമസിംഗെയുടെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായിരിക്കെ ഭൂരിപക്ഷമില്ലാത്ത പ്രസിഡന്റിന് പ്രധാനമന്ത്രിയെ പുറത്താക്കാന്‍ ആകില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top