മുംബൈ: രൂപയുടെ മൂല്യം റെക്കോഡ് ഇടിവിലേക്ക്. രാവിലെ 9.15ന് ആദ്യമായി ഡോളറിനെതിരേ രൂപയുടെ മൂല്യം 73.73 എന്ന നിലവാരത്തിലെത്തി. യുഎസ് കടപ്പത്രത്തില്‍നിന്നുള്ള ആദായം വര്‍ധിച്ചതുമൂലം വികസ്വര രാഷ്ട്രങ്ങളിലെ കറന്‍സികള്‍ വന്‍തോതില്‍ വിറ്റഴിച്ചതിന്റെ ഭാഗമായാണ് രൂപയുടെ മൂല്യവും ഇടിഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവിലകൂടുന്നതും രുപയുടെ മൂല്യത്തെ ബാധിച്ചിട്ടുണ്ട്. രൂപയുമായുള്ള വിനിമയത്തില്‍ ഗള്‍ഫ് കറന്‍സികളും കരുത്താര്‍ജിച്ചു. യു.എ.ഇ. ദിര്‍ഹം ആദ്യമായി 20 രൂപയാണ് കടന്നത്.
ഇറാനില്‍നിന്നുള്ള എണ്ണലഭ്യത കുറഞ്ഞത് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില ഉയര്‍ത്തുകയാണ്. ക്രൂഡ് ഓയില്‍ വില ബാരലിന് 85 ഡോളര്‍ കടന്നത് രൂപയ്ക്ക് തിരിച്ചടിയായി. ബ്രെന്റ് ക്രൂഡ് വില 85.45 ഡോളര്‍ വരെയെത്തിയിരുന്നു. ഇറാനുമേലുള്ള യു.എസ്. ഉപരോധം നവംബര്‍ നാലിനാണ് പൂര്‍ണമായും പ്രാബല്യത്തില്‍ വരുന്നത്.
ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതും രൂപയുടെ മൂല്യം ഇടിയുന്നതും വരും മാസങ്ങളില്‍ രാജ്യത്തെ പണപ്പെരുപ്പത്തിന്റെ തോത് ഉയര്‍ത്തുമെന്ന് വിദഗ്ദ്ധര്‍ പറയുന്നുണ്ട്്. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഓഹരി വിപണിയില്‍നിന്ന് നിക്ഷേപം വന്‍തോതില്‍ പിന്‍വലിക്കുന്നതും രൂപയുടെ മൂല്യമിടിയാന്‍ കാരണമാകുന്നുണ്ട്.