തിരുവനന്തപുരം: സാലറി ചലഞ്ചില്‍ പങ്കെടുക്കാതിരുന്ന പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തതായി ആരോപണം. സാലറി ചലഞ്ചിന് വിസമ്മതിച്ച പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ 14 പൊലീസുകാരെ മലപ്പുറം എംഎസ്പി ക്യാമ്പിലേക്ക് സ്ഥലംമാറ്റിയതായാണ് ആരോപണം.
എന്നാല്‍ ഏറ്റവും ജൂനിയറായവരെ എല്ലാവര്‍ഷവും സ്ഥലം മാറ്റുക പതിവാണെന്നാണ് ഔദ്യോഗിക വിശദീകരണം. പേരൂര്‍ക്കട എസ്.എ.പി ക്യാമ്പില്‍ 14 പേരെയാണ് ഇന്നലെ മലപ്പുറത്തേക്ക് മാറ്റിയത്. ഇതിലുള്‍പ്പെട്ട ഒമ്പത് ഹവില്‍ദാര്‍മാര്‍ ഒരുമാസത്തെ ശമ്പളം നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാതിരുന്നവരാണ്. ഇതുകൂടാതെ സാലറി ചാലഞ്ചിനോട് നോ പറഞ്ഞ അഞ്ച് സിവില്‍ പൊലീസ് ഓഫീസര്‍മാരെയും സ്ഥലംമാറ്റിയിട്ടുണ്ട്.
എസ്.എ.പി ക്യാമ്പില്‍നിന്ന് മുന്നൂറോളം പേര് വിസമ്മതപത്രം നല്‍കിയതിന്റെ പ്രതികാരമാണിതെന്നാണ് പ്രതിപക്ഷ സംഘടനകള്‍ ആരോപിക്കുന്നത്.