Film News

ഐഎഫ്എഫ്‌കെ മുടങ്ങില്ല; ഡെലിഗേറ്റ് ഫീസ് ഇരട്ടിപ്പിച്ച് ചലച്ചിത്ര മേളയ്ക്ക് മുഖ്യമന്ത്രിയുടെ അംഗീകാരം

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്നും കരകയറുന്ന കേരളത്തില്‍, ഇരുപത്തിമൂന്നാമത് രാജ്യാന്തര ചലചിത്രമേള നടത്തുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ ചൂടുപിടിക്കുമ്പോള്‍ മേളയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗീകാരം. എന്നാല്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കില്ലെന്ന സ്ഥിരീകരണത്തോടെയാണ് മുഖ്യമന്ത്രി മേളയ്ക്ക് അനുമതി നല്‍കിയത്.

ആറ് കോടി ചെലവിട്ട് നടത്തിയിരുന്ന മേള മൂന്ന് കോടിയായി ചുരുക്കാമെന്ന് അക്കാഡമി മുഖ്യമന്ത്രിയെ അറിയിച്ച സാഹചര്യത്തിലാണ് മേളയ്ക്ക് അനുമതി നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ ഫണ്ട് തഴഞ്ഞതോടെ മേളയ്ക്കുള്ള പണം അക്കാഡമി തന്നെ കണ്ടെത്തണം.

ഫണ്ട് കണ്ടെത്താമെന്ന് ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഡെലിഗേറ്റ് ഫീസ് ഇരട്ടിയിലേറെയാക്കി ചെലവിനുള്ള തുക കണ്ടെത്താനാണ് അക്കാഡമിയുടെ തീരുമാനം. നിലവില്‍ ജനറല്‍ വിഭാഗത്തില്‍ ഡെലിഗേറ്റ് ഫീസ് 650 രൂപയാണ്, ഇത് 1500 ആക്കാനും വിദ്യാര്‍ത്ഥികളുടേത് 350 രൂപയില്‍ നിന്ന് 700 രൂപയാക്കാനുമാണ് ആലോചിക്കുന്നത്.

ചെലവ് ചുരുക്കലിന്റെ ഭാഗമായി ഉദ്ഘാടന ചടങ്ങ് ഒഴിവാക്കാനും സമാപനം ലളിതമാക്കാനും അക്കാഡമി തീരുമാനിച്ചിട്ടുണ്ട്. വിദേശ ജഡ്ജുകളേയും അതിഥികളേയും പരമാവധി കുറയ്ക്കും. കാഷ് അവാര്‍ഡുകള്‍ മത്സരവിഭാഗം, മലയാളം സിനിമ, ഇന്ത്യന്‍ സിനിമ വിഭാഗങ്ങള്‍ മാത്രമായി ചുരുക്കും.

രണ്ട് കോടി ഡെലിഗേറ്റ് ഫീസ് ഉള്‍പ്പെടെയുള്ള വരുമാനത്തില്‍ നിന്നും ഒരു കോടി അക്കാഡമിയുടെ പ്ലാന്‍ ഫണ്ടില്‍ നിന്നും ചെലവാക്കാമെന്നാണ് കണക്കുകൂട്ടല്‍. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കിയാണെങ്കില്‍പോലും മേള നടത്തണമെന്ന നിലപാടില്‍ അക്കാഡമി ഉറച്ചുനിന്നതിന്റെ ഫലമായിട്ടാണ് ചലചിത്രാസ്വദകര്‍ക്ക് ആശ്വാസം പകര്‍ന്ന് ദൃശ്യ വിരുന്ന് നടത്താന്‍ അനുമതി ലഭിച്ചത്.

ഫിലിം സൊസൈറ്റിയും മേള നടത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. അതേസമയം, സ്‌പോര്‍ണ്‍സര്‍മാരുടെ സഹായം തേടുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ 27ന് മന്ത്രി ബാലനുമായി ചലച്ചിത്ര അക്കാദമി ഭാരവാഹികള്‍ ചര്‍ച്ച നടത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top