Kerala

റിപബ്ലിക് ടിവി ചര്‍ച്ചയില്‍ വെള്ളം കുടിച്ച് പിസി ജോര്‍ജ്

തോക്കും വാക്കും പൂഞ്ഞാറിലെ എംഎല്‍എയ്ക്ക് വീക്ക്‌നെസ്സാണെന്ന് കേരളത്തിനാകെയറിയാം. അതിഗംഭീര ഭാഷാ പ്രാവീണ്യമൊന്നുമില്ലെങ്കിലും മലയാളം ചാനല്‍ ചര്‍ച്ചകളിലെ പുലിയാണ് എംഎല്‍എ പിസി ജോര്‍ജ്. അതിപ്പൊ വിനുവായാലും വേണുവായാലും സ്മൃതിയായാലും ഷാനിയായാലും നിഷയായാലും പിസി ജോര്‍ജിന് ഒരുപോലെയാണ്. എന്ത് പറഞ്ഞിട്ടായാലും മൂപ്പര് വായടപ്പിച്ചു കളയും. പറയുന്നത് അണ്‍പാര്‍ലമെന്ററിയാണെന്നോ സിലബസിന് പുറത്താണെന്നോ ഒന്നും തമാശയ്ക്ക് പോലും ചോദിച്ചേക്കരുത്…എന്നെ പഠിപ്പിക്കാനൊന്നും നിങ്ങള്‍ നില്‍ക്കരുത്, വേണമെങ്കില്‍ നിങ്ങള്‍ പഠിച്ചോളണമെന്ന് ഒരിക്കല്‍ ഒരു അവതാരികയ്ക്ക് ക്ലാസെടുത്തിട്ടുമുണ്ട് കക്ഷി.

എന്നാല്‍ കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ പോയിരുന്ന് വാര്‍ത്താ അവതാരികയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ വിയര്‍ത്ത പിസി ജോര്‍ജ് എംഎല്‍എയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ചുള്ള പിസി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് എമ്പാടും ഉയരുന്നത്. ഈ വിഷയം ചര്‍ച്ച ചെയ്ത റിപബ്ലിക് ചാനലിന്റെ അവതാരികയ്ക്ക് മുന്നിലാണ് പൂഞ്ഞാറിലെ സിംഹം ഉത്തരമില്ലാതെ വാലുമടക്കേണ്ടി വന്നത്.

ക്രൂരമായ ലൈംഗീകാതിക്രമം തുറന്ന് പറഞ്ഞ് അതിന് നിയമസഹായം അഭ്യര്‍ഥിച്ച ഒരു സ്ത്രീയുടെ വ്യക്തിത്വത്തെ അപമാനിക്കുന്ന പരാമര്‍ശത്തില്‍ താങ്കള്‍ ഖേദം പ്രകടപ്പിക്കുന്നുണ്ടോ, പരാമര്‍ശം പിന്‍വലിക്കാന്‍ തയ്യാറുണ്ടോ എന്ന അവതാരികയുടെ ചോദ്യത്തെ പിസി ജോര്‍ജ് ചിരിച്ചുകൊണ്ട് നേരിട്ടതാണ് അവതാരികയെ പ്രകോപിപ്പിച്ചത്. ഇത്രയും കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതില്‍ എന്താണ് ഇത്ര ചിരിക്കാനുള്ളത് എന്ന് അവതാരിക ചോദിക്കുകയും ചെയ്തു.

തുടര്‍ന്ന് താങ്കള്‍ താങ്കളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണോ എന്ന ചോദ്യത്തിനും താന്‍ പറഞ്ഞത് ശരിയാണന്നും അതില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പിസ പറഞ്ഞൊപ്പിച്ചു. പരാതിക്കാരിയായ സ്ത്രീയെ കന്യാസ്ത്രീ എന്ന് വിളിക്കേണ്ട കാര്യമില്ലെന്നും പന്ത്രണ്ടു തവണ അവര്‍ക്ക് പരാതിയില്ലാതിരുന്നത് എന്തുകൊണ്ടാണെന്നും മാത്രമാണ് പിസി ജോര്‍ജിന് ചര്‍ച്ചയിലുടനീളം ആവര്‍ത്തിക്കാനുണ്ടായത്. എന്നാല്‍ നിങ്ങളെപ്പോലുള്ള പുരുഷ നേതാക്കളുള്ള സമൂഹത്തില്‍ അവര്‍ക്ക് നേരിട്ട അതിക്രമം തുറന്ന് പറയാനുള്ള സാഹചര്യം ഇല്ലെന്നും അവര്‍ക്ക് ഭയമാണെന്നും അവതാരിക പറഞ്ഞു.

ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു ജനപ്രതിനിധിയാണ് നിങ്ങള്‍, അതിജീവിച്ചു വരുന്ന ഒരു സ്ത്രീയെ അപമാനിക്കുകയല്ല നിങ്ങള്‍ ചെയ്യേണ്ടത്. കന്യാസ്ത്രീയോട് മാപ്പ് പറയുകയാണ് വേണ്ടതെന്നുംകൂടി അവതാരിക പറഞ്ഞതോടെ പിസി ജോര്‍ജ് ദേഷ്യപ്പെട്ട് ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു.

അത്രയും നേരം കഷ്ടപ്പെട്ട് ഇംഗ്ലീഷില്‍ പിടിച്ചുനിന്ന പിസി അവസാനം, വെറുതേ കിടന്ന് വഴക്കുണ്ടാക്കേണ്ടെയെന്നു പച്ചമലയാളത്തില്‍ ആശ്വസിക്കുന്നതും വീഡിയോയില്‍ കാണാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top