ജീവിതത്തില്‍ ഒരിക്കല്‍ പോലും സ്വന്തമായി ഒരു കാര്‍ ലഭിക്കുമെന്ന് സ്വപ്നം കണ്ടിട്ട് പോലുമില്ല.., ഇറാം മോട്ടോര്‍സ് സമ്മാനമായി നല്കിയ മഹീന്ദ്രയുടെ മരാസോ കാര്‍ ഏറ്റുവാങ്ങിയ ജെയ്സല്‍ വിതുമ്പുന്നുണ്ടായിരുന്നു.
വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ബോട്ടില്‍ കയറാന്‍ സാധിക്കാതിരുന്ന സ്ത്രീകള്‍ക്ക് സ്വന്തം ശരീരം ചവിട്ടുപടിയാക്കി നല്കിയ ജെയ്സലിന്റെ ചിത്രം ലോക ശ്രദ്ധ നേടിയിരുന്നു.
ഇന്ത്യയിലിറങ്ങിയ പുത്തന്‍ മോഡല്‍ മരാസോ കാറിന് പതിനൊന്ന് ലക്ഷത്തിലധികം രൂപ വിലവരും. ഏഴ് സീറ്റുകളുള്ള മഹീന്ദ്രയുടെ ഈ ആഢംബര കാര്‍ എന്തു ചെയ്യും എന്ന ചോദ്യത്തിന് ജെയ്സലിന്റെ നിഷ്കളങ്കമായ മറുപടി കേട്ട് എല്ലാവരും ഒന്നമ്പരന്നു. ഈ കാര്‍ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങളില്‍ കൂട്ടായുണ്ടാകുമെന്നാണ് ജെയ്സല്‍ മറുപടി പറഞ്ഞത്.
ഒറ്റമുറിയില്‍ കുടുംബസമേതം കഴിയുന്ന ഈ വലിയ മനസ്സിന് മുന്നില്‍ പളപളാ മിന്നുന്ന ഒരാഢംബര കാര്‍ പോലും ഒന്നുമല്ലാതാവുകയാണ്.