ജമ്മുകാഷ്മീരില്‍ ഒമ്പതുവയസുള്ള ബാലികയെ ക്രൂരമായി പീഡിപ്പിച്ചു കൊന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ വളര്‍ത്തമ്മയും ഇവരുടെ മകനെയും മകന്റെ സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ജമ്മുവിലെ ബരാമുള്ള ജില്ലയിലെ ഉറുയിലാണ് സംഭവം.
മകളുടെ കൂടെ തന്റെ ഭര്‍ത്താവ് കൂടുതല്‍ സമയം ചെലവഴിക്കുന്നതിലുള്ള വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പെണ്‍കുട്ടിയുടെ രണ്ടാനമ്മ പോലീസിന് മൊഴി നല്കി. പെണ്‍കുട്ടിയെ ആളൊഴിഞ്ഞ വനപ്രദേശത്ത് എത്തിച്ച് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. പതിനാലുകാരനായ മകനും കൂട്ടുകാരുമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അവശയായ പെണ്‍കുട്ടിയെ രണ്ടാനമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ഇവരുടെ മകന് തലയില്‍ ചുറ്റിക കൊണ്ടടിച്ച് മരണം ഉറപ്പാക്കുകയും ചെയ്തു. പ്രതികളിലൊരാള്‍ പെണ്‍കുട്ടിയുടെ കണ്ണ് ചൂഴ്ന്നെടുക്കുകയും മൃതദേഹത്തില്‍ ആസിഡ് ഒഴിച്ച് വികൃതമാക്കുകയും ചെയ്തു. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെയാണ് നിലവില്‍ പോലീസ് കേസെടുത്തിരിക്കുന്നത്.