കുഞ്ചിത്തണ്ണി: പ്രളയക്കെടുതിയില്‍ തകര്‍ന്ന വൈദ്യുതിമേഖലയിലെ പുനര്‍നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്നു. 25 ലക്ഷത്തില്‍പ്പരം ഉപഭോക്താക്കളുടെ വൈദ്യുതി മുടങ്ങിയിരുന്നു. ഇതില്‍ 23 ലക്ഷം പേരുടെ കണക്ഷനുകള്‍ പുനഃസ്ഥാപിച്ചു. ഇനി 2,23,414 ഉപഭോക്താക്കളുടെ കണക്ഷനുകള്‍ മാത്രമാണ് പുനഃസ്ഥാപിക്കാനുള്ളത്.
വെള്ളപ്പൊക്കത്തില്‍ വിച്ഛേദിച്ചിരുന്ന 16,158 ട്രാന്‍സ്ഫോര്‍മറുകളില്‍ 14,314 എണ്ണം പ്രവര്‍ത്തനക്ഷമമായി. ഇനി ചാര്‍ജ് ചെയ്യാനുള്ള 1844 ട്രാന്‍സ്ഫോര്‍മറുകളില്‍ 278 എണ്ണം വെള്ളത്തിനടിയിലാണ്. പ്രളയത്തില്‍ തകരാറിലായ 50 സബ്സ്റ്റേഷനുകളില്‍ എട്ടെണ്ണം പ്രവര്‍ത്തനസജ്ജമാക്കാനുണ്ട്. ലോവര്‍ പെരിയാര്‍, പെരിങ്ങല്‍കുത്ത് ലെഫ്റ്റ്ബാങ്ക് എക്സ്റ്റന്‍ഷന്‍, പന്നിയാര്‍ എന്നീ പ്രധാന വൈദ്യുതിനിലയങ്ങളുടെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ആന്ധ്രയില്‍നിന്നുള്ള ജീവനക്കാരും പുനര്‍നിര്‍മാണ ജോലികളില്‍ സഹായിക്കുന്നുണ്ടെന്നും വൈദ്യുതിവകുപ്പ് അധികൃതര്‍ പറഞ്ഞു.