Breaking News

മൂന്നാർ രാജമലയിൽ വൻ മണ്ണിടിച്ചിൽ; ദുരന്തം ഉണ്ടായത് 80 പേർ താമസിക്കുന്ന സ്ഥലത്ത്; നിരവധിയാളുകൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവർത്തനം തുടരുന്നു

മൂന്നാർ: ഇടുക്കി രാജമലയിൽ ഉരുൾപൊട്ടലുണ്ടായതിനെത്തുടർന്ന് പെട്ടിമുടി തോട്ടം മേഖലയിൽ വൻ മണ്ണിടിച്ചിലുണ്ടായെന്ന് റിപ്പോർട്ട്. പെട്ടിമുടി സെറ്റിൽമെന്റിലെ ലയങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണുവെന്നാണ് സംശയിക്കുന്നത്. വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. പെരിയവര പാലം തകർന്നിരിക്കുന്നതിനാൽ ആളുകളെ ചുമന്നാണ് പുറത്തേക്ക് എത്തിക്കുന്നത്.
നാല് ലയങ്ങളിലായി 80 ഓളം പേരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. തമിഴ് തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്. വൈദ്യുതി ഇല്ലാത്തതിനാൽ കൃത്യമായ വിവരം ഇവിടെ നിന്ന് ലഭിച്ചിട്ടില്ല. രക്ഷാപ്രവർത്തകർ സംഭവ സ്ഥലത്തേക്ക് ഉടൻ എത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സമീപത്തെ ആശുപത്രികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

മണ്ണിടിച്ചിലുണ്ടായെന്ന് സ്ഥിരീകരിക്കുമ്പോഴും ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കാൻ സാധിച്ചിട്ടില്ല. പോലീസിനോ റവന്യൂ വകുപ്പിനോ പ്രദേശത്തേക്ക് എത്തിച്ചേരാൻ സാധിച്ചിട്ടില്ല. പ്രദേശത്തെ ബന്ധിപ്പിക്കുന്ന പെരിയവര പാലം തകർന്നതിനാൽ പ്രദേശത്തേക്ക് എത്തിച്ചേരാനായിട്ടില്ല.

കഴിഞ്ഞ പ്രളയകാലത്താണ് പെരിയവര പാലം തകർന്നത്. പുതിയ പാലം നിർമാണം പൂർത്തിയായിട്ടില്ല. കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ താൽക്കാലിക പാലവും തകർന്നതോടെ പ്രദേശം പൂർണമായും ഒറ്റപ്പെട്ടു. അതിനാൽ തന്നെ വാഹനങ്ങൾക്ക് എത്തിച്ചേരാനാകാത്ത സ്ഥിതിയാണ്.

മൂന്നാറിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. സംരക്ഷിത പ്രദേശമായ ഇവിടേക്ക് റോഡ് സൗകര്യത്തിന്റെ അപര്യാപ്തതയുണ്ട്. ഇരവികളും ദേശീയോദ്യാനത്തിന്റെ ഭാഗമായ ഇവിടെ ഒരുപരിധിയിൽ കവിഞ്ഞ് വികസന പ്രവർത്തനങ്ങളും സാധിക്കില്ല. തോട്ടങ്ങൾ ഉള്ളതിനാൽ മാത്രമാണ് തൊഴിലാളികൾക്ക് താമസിക്കാൻ അവസരം നൽകിയിരിക്കുന്നത്.

ദുരന്തത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് മന്ത്രി എം.എം. മണി പ്രതികരിച്ചു. രക്ഷാ പ്രവർത്തകർ ദുരന്ത സ്ഥലത്തേക്ക് പുറപ്പെട്ടു. അവർ അവിടെ എത്തിയതിന് ശേഷമേ കൂടുതൽ വിവരങ്ങൾ പറയാൻ സാധിക്കൂയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top