Kerala

സംസ്ഥാനത്ത് താറുമാറായ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു

മഴയുടെ ശക്തി കുറഞ്ഞ് വെളളം ഇറങ്ങിത്തുടങ്ങിയതോടെ സംസ്ഥാനത്തുടനീളം താറുമാറായിക്കിടന്ന ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ദിവസങ്ങളായി വെളളത്തിനടിയിലായിരുന്ന എറണാകുളം-തൃശൂര്‍ ദേശീയപാതയില്‍ ഗതാഗതം പുനസ്ഥാപിക്കാനുളള ജോലികള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ എന്നാല്‍ ഈ വഴിയുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

എറണാകുളത്ത് നിന്നും പറവൂര്‍, വടക്കേക്കര വഴി കൊടുങ്ങല്ലൂര്‍ ഭാഗത്തേയ്ക്കും കളമശേരി വഴി ദേശീയ പാതയിലൂടെ ആലുവയിലേയ്ക്കും ഭാരവാഹനങ്ങള്‍ക്കു കടന്നു പോകാവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. വടക്കന്‍ ജില്ലകളില്‍ നിന്നെത്തി എറണാകുളം ഭാഗത്തു കുടുങ്ങിക്കിടക്കുന്നവര്‍ നിരവധിയാണ്.

തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് തുടങ്ങി. എന്നാല്‍ ദീര്‍ഘദൂര ട്രെയിനുകള്‍ പലതും റദ്ദാക്കിയിട്ടുണ്ട്.ആറ് ട്രെയിനുകള്‍ പൂര്‍ണമായും സര്‍വീസ് റദ്ദാക്കി. പരശുറാം, ശബരി, മാവേലി, മലബാര്‍ എക്‌സ്പ്രസുകള്‍ ആണ് റദ്ദാക്കിയത്. ഇതിനു പുറമേ ചെന്നൈ-തിരുവനന്തപുരം, തിരുവനന്തപുരം എക്‌സ്പ്രസുകളും റദ്ദാക്കി. പലയിടത്തും ഇപ്പോഴും ട്രാക്ക് വെളളക്കെട്ടിലാണ്.

അതേസമയം കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു. എംസി റോഡില്‍ തിരുവനന്തപുരം മുതല്‍ അടൂര്‍ വരെയാണ് സര്‍വീസ് തുടങ്ങിയത്. ദേശീയപാതയില്‍ തിരുവനന്തപുരം-എറണാകുളം റൂട്ടിലും സര്‍വീസ് തുടങ്ങി. എന്നാല്‍ ഫോണില്‍ ബന്ധപ്പെട്ട് ഉറപ്പാക്കിയ ശേഷം മാത്രമെ യാത്രയ്ക്കിറങ്ങാവു എന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top