World

നിങ്ങള്‍ എത്രപേരുണ്ട്..? പതിമൂന്ന്! ഉറച്ച ശബ്ദത്തില്‍ അവര്‍ മറുപടി നല്‍കി

ആശങ്കകള്‍ക്കും ആകാംക്ഷകള്‍ക്കും വിരാമമിട്ട് പത്താം നാള്‍ അവരെ കണ്ടെത്തി. ഇടുങ്ങിയതും അകടം നിറഞ്ഞതുമായ ദുര്‍ഘടപാതയിലൂടെ മണിക്കൂറുകള്‍ സഞ്ചരിച്ചാണ് പന്ത്രണ്ട് കുട്ടികളെയും അവരുടെ കോച്ചിനെയും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്.

താം ലുവാങ് മലനിരകള്‍

ഉത്തര തായ്ലന്‍ഡിലെ വിദൂര ഗ്രാമമായ താം ലുവാങ് ഗുഹയിലാണ് പന്ത്രണ്ട് കുട്ടികളും അവരുടെ ഫുട്‌ബോള്‍ കോച്ചും അകപ്പെട്ടുപോയത്. കനത്ത മഴ പെയ്തതോടെ ഗുഹാമുഖം വെളളത്തിനടിയിലാകുകയും പുറത്തിറങ്ങാന്‍ കഴിയാത്തവിധം അവര്‍ അകപ്പെട്ട് പോവുകയും ചെയ്തു. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിന് മനസുകൊണ്ട് ലോകം ഒറ്റക്കെട്ടായി നിന്നപ്പോള്‍ മരണമുഖത്തു നിന്നും പതിമൂന്നംഗ സംഘത്തെ കൈപിടിച്ചുയര്‍ത്താന്‍ തായ്‌ലന്‍ഡ് പ്രാപ്തരായി.

ഗുഹാകവാടത്തില്‍ കണ്ടെത്തിയ കുട്ടികളുടെ സൈക്കിളുകള്‍

മഴക്കാലത്ത്, വെള്ളം നിറയാറുള്ള ഗുഹ, മാസങ്ങള്‍ പിന്നിട്ട് സെപ്റ്റംബര്‍, ഒക്ടോബര്‍ വരെ വെള്ളപ്പൊക്കത്തില്‍ അകപ്പെടുകയാണ് പതിവ്. ഈ സാഹചര്യത്തില്‍ ചെളിനിറഞ്ഞതും തമ്മില്‍ കാണാനാകാത്ത വിധത്തില്‍ വെള്ളം നിറഞ്ഞതുമായ ഗുഹാവഴികളിലൂടെ മുങ്ങിനീന്തിയെത്താന്‍ കുട്ടികളെയും കോച്ചിനെയും പരിശീലിപ്പിക്കുകയെന്നത് അത്യന്തം വെല്ലുവിളി നിറഞ്ഞതാണ്. ഗുഹയില്‍ നിറഞ്ഞ വെള്ളം പമ്പു ചെയ്തു കളഞ്ഞ് ജലപരിധി താഴ്ത്താനുളള ശ്രമങ്ങളും ഇതുവരെ വിജയം കണ്ടിട്ടില്ല. എന്നാല്‍ ലോകത്തെ മുഴുവന്‍ അദ്ഭുതപ്പെടുത്തിയ അവരുടെ മനോധൈര്യം മാത്രം മതി അവര്‍ക്ക് പുറത്തേക്കുളള വാതില്‍ തുറക്കാന്‍, എന്ന ശുഭപ്രതീക്ഷയിലാണ് ലോകം മുഴുവന്‍.

രക്ഷാപ്രവര്‍ത്തകര്‍ ഗുഹയ്ക്കുളളിലെ വെളളം പമ്പ് ചെയ്ത് കളയാന്‍ ശ്രമിക്കുന്നു

കുട്ടികളെ കണ്ടെത്തിയ നിമിഷത്തെക്കുറിച്ച് രക്ഷാപ്രവര്‍ത്തകരുടെ സംഘത്തിലുണ്ടായിരുന്ന ബ്രിട്ടിഷ് ‘ഡൈവര്‍’ റിക്ക് സ്റ്റാന്‍ടണ്‍ പറയുന്നതിങ്ങനെ.

കനത്ത ഇരുട്ടും ഇടുങ്ങിയ വഴികളും. ഒടുവില്‍ ഞങ്ങളവരെ കണ്ടെത്തിയപ്പോള്‍, അവിടെ കണ്ട കാഴ്ച്ച എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു!

കോച്ചിന്റെ നിര്‍ദേശങ്ങള്‍ കേള്‍ക്കാന്‍ ശാന്തമായി ഇരിക്കുന്ന കളിക്കാരെപ്പോലെയായിരുന്നു അവരപ്പോള്‍. ചുവന്ന ജഴ്‌സിയണിഞ്ഞ്, ഏതു പ്രതിസന്ധികളെയും തരണം ചെയ്യാന്‍ പ്രാപ്തരായ, ശക്തരായ ടീമാണെന്ന ഭാവത്തില്‍.

നിങ്ങള്‍ എത്ര പേരുണ്ട്..? രക്ഷാപ്രവര്‍ത്തന സംഘത്തിലെ ഒരാള്‍ ചോദിച്ചു

‘പതിമൂന്ന്’ ഉറച്ച ശബ്ദത്തില്‍ അവര്‍ മറുപടി നല്‍കി

പതിമൂന്ന്…!           ‘ബ്രില്ല്യന്റ്’

പത്ത് ദിവസം ആ ഭീകരഗുഹയ്ക്കുള്ളില്‍ സധൈര്യം ജീവിച്ച പന്ത്രണ്ട് കുട്ടികളെയും കോച്ചിനെയുമോര്‍ത്ത് തനിക്ക് ആ സമയം അഭിമാനം തോന്നിയതായി റിക്ക് പറഞ്ഞു. വിശപ്പും കഠിനമായ തണുപ്പുമെല്ലാം അവരുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ വഴിമാറിക്കൊടുത്തു. ആരെയും മരണത്തിന് വിട്ടുകൊടുക്കാതെ എല്ലാവരും പരസ്പരം താങ്ങായി.. കരുത്തായി. കളി കൈവിട്ടു പോകുമെന്ന് തോന്നിയ അവസാന മിനുട്ടുകളെ കൈപ്പിടിയിലൊതുക്കിയ കളിക്കാരെപ്പോലെ അവര്‍ പൊരുതി തന്നെ നിന്നു !

ഗുഹയില്‍ അകപ്പെട്ട കുട്ടികളെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയപ്പോള്‍

ശ്രമിച്ചാല്‍ പിടിച്ചുനിര്‍ത്താന്‍ കഴിയുന്ന മഹാദുരന്തത്തെ ഇല്ലാതാക്കാന്‍, രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നിന്ന മനോഹര കാഴ്ച്ചയ്ക്ക് കൂടിയാണ് ഈ ദിവസങ്ങളില്‍ ലോകം സാക്ഷ്യം വഹിച്ചത്. ഉത്തര തായ്ലന്‍ഡിലെ വിദൂര ഗ്രാമമായ താം ലുവാങ് ഗുഹാമുഖത്ത് ഒരാഴ്ചയിലേറെയായി 1000 തായ് സൈനികര്‍, യുഎസ്, ചൈന, ജപ്പാന്‍, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള വിദഗ്ധര്‍, ഹെലി കോപ്റ്ററുകള്‍, മെഡിക്കല്‍ സംഘം, എല്ലാം തമ്പടിച്ചിരിക്കുകയാണ്. എട്ട് സമീപ രാജ്യങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനു വേണ്ട സഹായസഹകരണങ്ങള്‍ ചെയ്തുകൊടുത്തു. അവരവരുടെ രാജ്യങ്ങളിലെ വിദഗ്ദരെ ദൗത്യത്തിനായി അയച്ചു. പ്രിയപ്പെട്ടവരുടെ മടങ്ങി വരവിനായി ബന്ധുക്കളും പ്രദേശവാസികളും പ്രാര്‍ത്ഥനകളുമായി ഗുഹയ്ക്ക് പുറത്ത് കാത്തിരുന്നു. ശുഭകരമായ വാര്‍ത്ത ലോകത്തെ അറിയിക്കാനാകുമെന്ന പ്രതീക്ഷയില്‍ മാധ്യമങ്ങളും ജാഗരൂഗരായി നിലകൊണ്ടു. ഒരു കൂട്ടായ ശ്രമത്തിന്റെ അനിവാര്യമായ ഫലമായിട്ടായിരുന്നു ‘അവര്‍ ജീവിച്ചിരിക്കുന്നു’ എന്ന വാര്‍ത്ത ലോകം കേട്ടത്.

ഗുഹാകവാടത്തില്‍ നിന്നുളള ദൃശ്യം

എന്നാല്‍ പതിമൂന്ന് പേരെയും രക്ഷിച്ചു പുറത്തെത്തിക്കുക എന്ന വെല്ലുവിളി നിറഞ്ഞ ദൗത്യമാണ് ഇനി മുന്നിലുളളത്. ഗുഹയ്ക്കുള്ളില്‍ അകപ്പെട്ടവരെ പുറത്തെത്തിക്കാന്‍ ചിലപ്പോള്‍ മാസങ്ങള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വേണ്ടിവന്നേക്കുമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഗുഹയില്‍ അകപ്പെട്ടിരിക്കുന്ന എല്ലാവരെയും മുങ്ങാംകുഴിയിടുന്നതിന് പരിശീലിപ്പിച്ച് പുറത്തെത്തിക്കുകയോ, അല്ലെങ്കില്‍ മഴ മാറി വെളളം താഴുന്നത് വരെ കാത്തിരിക്കുകയോ ചെയ്യേണ്ടിവരും. ഇതുമല്ലെങ്കില്‍ അനുകൂലമായ മറ്റ് വഴികളും രക്ഷാപ്രവര്‍ത്തക സംഘം തേടുന്നുണ്ട്. എന്നാല്‍ മരണത്തെ മുഖാമുഖം കണ്ട് ഗുഹയ്ക്കുളളിലെ പത്ത് ദിവസത്തെ തരണം ചെയ്യാന്‍ കഴിഞ്ഞ അവര്‍ക്ക്, പുറത്തിറങ്ങുക എന്ന കടമ്പ കടക്കാനാകുമെന്ന ശുഭപ്രതീക്ഷയിലാണ് ലോകം മുഴുവന്‍.

credits: CBC News

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top