Kerala

അമ്മയിലെ താരങ്ങളെ കോളേജ് പരിപാടികള്‍ക്ക് വേണ്ടെന്ന് എസ്എഫ്‌ഐ

കോളേജ് പരിപാടികള്‍ക്ക് അമ്മയില്‍ അംഗത്വമുളള താരങ്ങളെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് എസ്എഫ്‌ഐ. ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്ത നടപടിക്കെതിരെ എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി.പി. സാനു സമൂഹമാധ്യമത്തിലിട്ട കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. സര്‍വകലാശാലാ, കോളജ് യൂണിയനുകളുടെ പരിപാടികള്‍ക്ക് താരങ്ങളെ ക്ഷണിക്കരുതെന്നും ശക്തമായ തീരുമാനമെടുത്ത് അമ്മയില്‍ നിന്നും മാറി നിന്ന നടിമാര്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്നതായും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സ്ത്രീകള്‍ ലോകത്ത് ന്യൂനപക്ഷമല്ല. പക്ഷേ ഞങ്ങളുടെ തൊഴില്‍മേഖല അങ്ങനെ പറയുന്നു.’

2018ലെ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ മുഴങ്ങിക്കേട്ടപ്പോള്‍ സിനിമാലോകം അവരെ ആദരവോടെ നോക്കി. ചലച്ചിത്രമേഖലയില്‍ തങ്ങള്‍ നേരിടുന്ന ലിംഗവിവേചനങ്ങള്‍ക്കെതിരെ 82 വനിതകള്‍ ഫെസ്റ്റിവല്‍ ഹാളിന്റെ ചുവന്ന പരവതാനിയിലൂടെ ഉറച്ചകാല്‍വെയ്പുകളോടെ നടന്നുനീങ്ങി. ഇങ്ങ് കേരളത്തില്‍ ഒരു കൂട്ടം വനിതകള്‍ മലയാളസിനിമാവ്യവസായത്തിലെ പുരുഷ മേല്‍ക്കോയ്മകള്‍ക്കെതിരെ നിരന്തരം പ്രതിഷേധങ്ങളുയര്‍ത്തി.

ഏറ്റവും ‘ജനപ്രിയ’മായ മാധ്യമം ആണധികാരത്തിന്റെ ആഘോഷങ്ങളായിരുന്നു. എന്നും. എല്ലായിടത്തും. രാഷ്ട്രീയ പ്രബുദ്ധമെന്നഹങ്കരിക്കുന്ന കേരളത്തില്‍ ‘മീശപിരിക്കുന്ന ആണത്തമുള്ള നായകര്‍ കൈയടി നേടി. എനിക്കു കാലുമടക്കി തൊഴിക്കാനും, എന്റെ കുട്ടികളെ പെറ്റുകൂട്ടാനും ഒരു പെണ്ണിനെ വേണമെന്ന ഡയലോഗുകള്‍ നിരന്തരം ആഘോഷിക്കപ്പെട്ടു. നായകരുടെ ‘മാസ്’ എന്‍ട്രികളില്‍ മാത്രം തിയേറ്ററുകളില്‍ വിസിലടികള്‍ നിറഞ്ഞു. സ്ത്രീവിരുദ്ധതകള്‍ കോമഡികളായി ആള്‍ക്കാരെ ചിരിപ്പിച്ചു. എല്ലാം പൊതുബോധം എന്ന ആനുകൂല്യത്തിന്റെ മറവില്‍ ന്യായീകരിക്കപ്പെട്ടു.താരരാജാക്കന്മാര്‍ തങ്ങളുടെ ജീവിതത്തിലുയര്‍ത്തിപ്പിടിച്ച രാഷ്ട്രീയനിലപാടുകളും വ്യത്യസ്തമായതൊന്നുമല്ലെന്നു തന്നെയാണ് രണ്ടു ദിവസമായി മലയാളചലച്ചിത്രമേഖലയില്‍ തുടരുന്ന സംഭവവികാസങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

തന്റെ സഹപ്രവര്‍ത്തകയ്ക്കെതിരെ ഏറ്റവും ഹീനമായ കുറ്റകൃത്യം നടത്തിയെന്നപേരില്‍ അന്വേഷണം നേരിടുന്ന ഒരു വ്യക്തിയെ തിരികെയെടുത്ത് സംഘടന പുലര്‍ത്തിയ ആ ‘നീതിബോധ’ത്തിന്റെ പേര് ‘പാട്രിയാര്‍ക്കി’ എന്നല്ലാതെ മറ്റൊന്നുമല്ല.

‘അമ്മ’ എന്ന് നാമകരണം ചെയ്ത് സര്‍വംസഹകളായി സംഘടനയിലെ വനിതാ അംഗങ്ങളെ ഒതുക്കിയിരുത്താമെന്ന ഹുങ്കിനു നേര്‍ക്കാണ് മലയാളത്തിന്റെ പ്രിയനടിമാര്‍ വെല്ലുവിളികളുയര്‍ത്തിയത്. നീതിബോധവും, ജനാധിപത്യവിശ്വാസവും, പുരോഗമനചിന്തയും കാത്തുസൂക്ഷിക്കുന്ന ഒരു വലിയ സമൂഹം അവര്‍ക്കു പിന്നില്‍ അണിനിരന്നു.

പണക്കൊഴുപ്പിന്റെ ബലത്തില്‍ മലയാള സിനിമയെ മുഴുവന്‍ നിയന്ത്രിക്കുന്നു എന്നഹങ്കരിക്കുന്ന താരരാജാക്കന്മാരുടെ സിനിമകള്‍ ഈയിടെയായി പൊട്ടിപ്പൊളിഞ്ഞുപോകുന്നുണ്ട്. താരാരാധനയെക്കാളുപരിയായി സിനിമയുടെ പ്രമേയവും രാഷ്ട്രീയവും അംഗീകരിക്കപ്പെടുന്ന തരത്തിലേക്ക് കേരളസമൂഹം മാറിവരുക തന്നെയാണ്. പതുക്കെയാണെങ്കിലും. അതുകൊണ്ട് മലയാള നടന്മാര്‍ എടുത്ത ഈ തീരുമാനം തീര്‍ച്ചയായും മലയാളിയുടെ സിനിമാ നീരീക്ഷണങ്ങളില്‍ പ്രതിഫലിക്കുക തന്നെ ചെയ്യും.

സ്ത്രീ വിരുദ്ധമായ നിലപാടുകള്‍ തുടര്‍ച്ചയായി തന്റെ ഫാന്‍സ് എടുക്കുന്ന സമയത്തു മലയാളത്തിന്റെ മഹാനടന്മാര്‍ വരെ മൗനികളായിരുന്ന് നിര്‍ലോഭം പിന്തുണ കൊടുക്കുന്നത് നാം കണ്ടതാണ്. അത്തരക്കാരില്‍ നിന്ന് ഒരു സ്ത്രീക്ക് നീതി ലഭിക്കുന്ന തീരുമാനം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നത് പോലും അബദ്ധം തന്നെയാകും. ദിലീപ് വിഷയത്തിലെ നിലപാടുകള്‍ ഈ വിശ്വാസം ഊട്ടിയുറപ്പിക്കുന്നു.

ഇത്തരം ആളുകള്‍ SFI യുടെ വേദികളില്‍ ചിലപ്പോഴെങ്കിലും പ്രത്യക്ഷപ്പെടാറുണ്ട്. SFI നേതൃത്വം നല്‍കുന്ന സര്‍വകലാശാല യൂണിയനുകളുടെ വിവിധ പരിപാടികളിലും ക്ഷണിക്കപ്പെട്ട അതിഥികളായി എത്താറുണ്ട്.

ഏറ്റവും ജനാധിപത്യവിരുദ്ധരും, അതിലുപരി ലിംഗനീതി എന്താണെന്ന് തിരിച്ചറിയാന്‍ കഴിയാത്തത്ര അന്ധരുമായ ഇത്തരം താരങ്ങളെ SFI യുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് ക്ഷണിക്കുന്നത് പുനപരിശോധിക്കേണ്ടതു തന്നെയാണ്.

എല്ലാ ഭീഷണികളെയും അതിജീവിച്ച്, കരിയര്‍ വരെ പണയപ്പെടുത്തി, ഈ ലിംഗവിവേചനങ്ങള്‍ക്കെതിരെ, അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ തയ്യാറായവരെ, തങ്ങളുടെ നിലപാട് ഉച്ചത്തില്‍ പ്രസ്താവിച്ചുകൊണ്ട് ‘അമ്മ’യില്‍ നിന്നു രാജിവെച്ച മലയാളത്തിന്റെ നാലു നടിമാരെ അഭിവാദ്യം ചെയ്യുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top