കൊച്ചി: മഹാരാജാസ് കോളെജില്‍ എസ്എഫ്ഐ പ്രവര്ത്തകന് കുത്തേറ്റു മരിച്ചു. കോളേജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥി അഭിമന്യു (20) ആണ് മരിച്ചത്. അഭിമന്യുവിന് ഒപ്പമുണ്ടായിരുന്ന അര്ജുന് (19) വയറ്റില്‍ കുത്തേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഹോസ്റ്റലില്‍ എസ്എഫ്ഐ പ്രവര്‍ത്തകരും ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘട്ടനത്തിനിടെയാണ് അഭിമന്യുവിന് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം സ്വദേശി ബിലാല്‍, ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലായ രണ്ടുപേര്‍.
പോസ്റ്റര്‍ ഒട്ടിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഞായറാഴ്ച രാത്രി പന്ത്രണ്ടുമണിയോടെയായിരുന്നു സംഭവം. തിങ്കളാഴ്ച പുതിയ അധ്യയന വര്‍ഷം തുടങ്ങാനിരിക്കെ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. പുറത്തുനിന്ന് എത്തിയവരും പോസ്റ്റര്‍ പതിക്കാന്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ള ഒരാള്‍ 37 വയസ്സുള്ള ആളാണ്. അതേസമയം സംഭവത്തില്‍ കൂടുതല്‍ പേരെ കസ്റ്റഡിയിലെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.