ദിനം തോറും വിലയിടിയുന്ന രൂപയുടെ പരിതാപകരമായ അവസ്ഥ, ഉയര്‍ന്ന ക്രൂഡ് ഓയില്‍ വില എന്നീ രണ്ട് പ്രതികൂല ഘടകങ്ങള്‍ വിപണിക്ക് കനത്ത തിരിച്ചടിയായി.
മുംബൈ വിലസൂചിക 179 പോയിന്റ് നഷ്ടത്തില്‍ 35,037.34 ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 50 സൂചിക 82.30 പോയിന്റ് ഇടിഞ്ഞ് 10,589.10 ലാണ് ക്ലോസ് ചെയ്തത്.
റിയാലിറ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ് ഇന്‍ഫ്രാസ്ട്രക്ടര്‍, ബാങ്കിംങ്, ക്യാപിറ്റല്‍ ഗുഡ്സ് കമ്പനികളുടെ ഓഹരികള്‍ക്കാണ് പ്രധാനമായും തിരിച്ചടി നേരിട്ടത്.
ഏഷ്യന്‍ വിപണിയിലും മാന്ദ്യം പ്രകടമായിരുന്നു. അമേരിക്കയുടെ വ്യാപാര കരാര്‍ യുദ്ധഭീഷണിയാണ് ഏഷ്യന്‍ വിപണിയിലും കരിനിഴല്‍ വീഴ്ത്തുന്നത്.
സെന്‍സെക്സ് സൂചികയില്‍ നേട്ടം കൊയ്തത്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഇന്‍ഫോസിസ്, ലുപിന്‍, ഡോ.റെഡീസ് ലാബ് എന്നീ ഓഹരികളാണ്.
ഗ്രാസിം, ടൈറ്റാന്‍, ഗെയില്‍, എന്‍ടിപിസി, കോര്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ക്ക് തിരിച്ചടിയേറ്റു.
എണ്ണവില ഉയരുന്നതിനനുസരിച്ച് രൂപയുടെ മൂല്യം ഇടിയുന്നത് ആകുലതയോടെയാണ് നിക്ഷേപകര്‍ നോക്കിക്കാണുന്നത്. കൂനിനു മേല്‍ കുരുവെന്ന പോല്‍ ബ്രെന്റ് ക്രൂഡ് ഓയിലിന് ബാരലിന് 78 ഡോളര്‍ എന്ന നിലയിലേക്ക് ഉയര്‍ന്നിട്ടുണ്ട്.
വാരാന്ത്യ വ്യാപാര ദിവസമായ നാളെ, വിപണി എങ്ങനെ പ്രതികരിക്കുമെന്നറിയാതെ നിക്ഷേപകര്‍ ആശങ്കാകുലരാണ്. വിപണി സാവധാനം കരടികളുടെ കരവലയത്തിലാവുകയാണോ എന്നവര്‍ സംശയിക്കുന്നു.