Film News

കേരളസമൂഹം ഒന്നടങ്കം തള്ളിപ്പറയുന്നു; ‘അമ്മ’യുടെ നില പരുങ്ങലില്‍

കൊച്ചി: പക്ഷപാതപരമായ നിലപാടുകള്‍ സ്വീകരിക്കുക വഴി താരസംഘടനയായ അമ്മയുടെ നില വീണ്ടും പരുങ്ങലിലാവുകയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ വീണ്ടും സംഘടനയിലേക്ക് തിരിച്ചെടുത്തതാണ് നിലവില്‍ അമ്മയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. ഇതിന് പിന്നാലെ നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജി വെക്കുകയും നിരവധി പേര്‍ പ്രത്യക്ഷമായി അമ്മയ്‌ക്കെതിരെ രംഗത്ത് വരികയും ചെയ്തു.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോഴും പിന്നാലെ നടന്‍ ദിലീപ് പ്രതിക്കൂട്ടിലായപ്പോഴുമെല്ലാം ഇരയ്‌ക്കൊപ്പം നില്‍ക്കുന്നതിന് പകരം ദിലീപിന് അനുകൂലമായാണ് അമ്മ സംഘടന നിലകൊണ്ടത്. എന്നാല്‍ മാധ്യമങ്ങളടക്കം ശക്തമായി വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നതിന് പിന്നാലെയാണ് നടനെ സംഘടനയില്‍ നിന്ന് വിഷമത്തോടെയാണെങ്കിലും അമ്മ പുറത്താക്കാന്‍ തയ്യാറായത്.

അന്ന് പുറത്താക്കിയ സാഹചര്യത്തില്‍ നിന്നും യാതൊരു മാറ്റവും ഇപ്പോള്‍ വന്നിട്ടില്ലെന്നിരിക്കെ എന്തടിസ്ഥാനത്തിലാണ് നടനെ വീണ്ടും തിരിച്ചെടുക്കാന്‍ അമ്മ തീരുമാനിച്ചതെന്ന ചോദ്യമാണ് കേരളീയ സമൂഹം ആവര്‍ത്തിച്ചുന്നയിക്കുന്നത്. സാധാരണഗതിയില്‍ അമ്മയുടെ യോഗതീരുമാനങ്ങള്‍ മാധ്യമസമ്മേളനം വിളിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിന് പകരം മാധ്യമങ്ങളെ മാറ്റിനിര്‍ത്തി ഇത്തരമൊരു തീരുമാനം ഒളിച്ചുകടത്താന്‍ ശ്രമിച്ചത് ആര്‍ക്ക് വേണ്ടിയാണെന്ന ചോദ്യവും അവശേഷിക്കുന്നു.

യോഗത്തിന്റെ അജണ്ടയില്‍ പോലുമുണ്ടായിരുന്നില്ല, ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം. എന്നാല്‍ ഇക്കാര്യം അണിയറയില്‍ കൃത്യമായി ചര്‍ച്ച ചെയ്ത് തീരുമാനിച്ചിരുന്നുവെന്ന സംശയമാണ് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് പ്രതിനിധികള്‍ ഉന്നയിച്ചിരിക്കുന്നത്. തീരുമാനം പുനപരിശോധിക്കണമാവശ്യപ്പെട്ട് ഡബ്‌ള്യുസിസി അമ്മയ്ക്ക് കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. ആക്രമിക്കപ്പെട്ട നടിക്കും രാജിവെച്ചവര്‍ക്കുമൊപ്പം ഉറച്ചുനില്‍ക്കാന്‍ തന്നെയാണ് ഡബ്‌ള്യുസിസിയുടെ തീരുമാനം.

സംഘടനയ്ക്കകത്ത് നിലപാടുയര്‍ത്തിപ്പിടിച്ച് രാജിവെച്ച് ഇറങ്ങിവന്ന നടിമാര്‍ക്ക് വലിയ പിന്തുണയാണ് സാമൂഹ്യമാധ്യമങ്ങളിലും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒപ്പം അമ്മ ഭാരവാഹികള്‍ക്ക് കടുത്ത വിമര്‍ശനങ്ങളും. ദിലീപിന്റെ പണക്കൊഴുപ്പിന് മുന്നില്‍ അമ്മ ഭാരവാഹികളുടെ കണ്ണ് മഞ്ഞളിച്ച് പോയെന്നാണ് വ്യാപകമായി ഉയരുന്ന വിമര്‍ശനം. അതേസമയം അമ്മ എന്ന സംഘടന എന്തിനാണെന്ന ചോദ്യമാണ് ചലച്ചിത്രമേഖലയ്ക്ക് അകത്ത് നിന്ന് പോലും ആളുകള്‍ ചോദിക്കുന്നത്. ചലച്ചിത്ര മേഖലയ്ക്ക് സംഘടന എന്തു സംഭാവനയാണ് നല്‍കിയിട്ടുള്ളതെന്നും അവര്‍ ചോദിക്കുന്നു.

അമ്മയുടെ പ്രസിഡണ്ട് സ്ഥാനത്തിനൊപ്പം വലിയ തലവേദന കൂടിയാണ് മോഹന്‍ലാല്‍ ഏറ്റെടുത്തിരിക്കുന്നത്. മോഹന്‍ലാലിനെതിരെയും വിമര്‍ശനങ്ങളുയരുകയാണ്. ലഫ്റ്റ്‌നന്റ് കേണല്‍ പദവിയിലിരിക്കുന്ന മോഹന്‍ലാലിന്റെ നിലപാട് ആശാസ്യകരമല്ലെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈന്‍ വ്യക്തമാക്കി. അവധാനതയോടെ വിഷയം കൈകാര്യം ചെയ്യണമായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഈ സംഭവവികാസങ്ങളും ഇത്തരം ചര്‍ച്ചകളുമെല്ലാം ദിലീപ് വിഷയം വീണ്ടും സജീവമാക്കാന്‍ ഹേതുവായി എന്നതാണ് മറ്റൊരു കാര്യം. ചോദ്യശരങ്ങളെല്ലാം അമ്മയ്ക്കും ദിലീപിനും നേര്‍ക്കാണ്. ഈ ചോദ്യങ്ങള്‍ക്കെല്ലാം അമ്മ മറുപടി നല്‍കിയില്ലെങ്കിലും പല കോണില്‍ നിന്നും ഉയരുന്ന, ദിലീപിനെ എന്തിന് തിരിച്ചെടുത്തു എന്ന ചോദ്യത്തിന് മറുപടി പറയാതെ അമ്മയ്ക്ക് ഏറെ മുന്നോട്ട് പോകാനാവില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top