മുതിര്‍ന്ന ബിജെപി നേതാവ് എ.ബി.വാജ്പേയിയുടെ ആരോഗ്യ വിവരം അന്വേഷിച്ചു പ്രധാനമന്ത്രി നരേന്ദ്രമോഡി. ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എഐഐഎംഎസ്) ചികിത്സയിലുള്ള വാജ്പേയിയെ ഞായറാഴ്ച രാത്രി മോഡി സന്ദര്‍ശിച്ചു. അപ്രതീക്ഷിതമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. 9 മണിക്ക് ആശുപത്രിയിലെത്തിയ പ്രധാനമന്ത്രി 20 മിനുറ്റോളം ആശുപത്രിയില്‍ ചെലവിട്ട ശേഷമാണ് മടങ്ങയത്.
വാജ്പേയിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ചു പുതിയ വിവരങ്ങളൊന്നും എഐഐഎംഎസ് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കാര്‍ഡിയോ-തൊറാസിക് സെന്ററിലെ ഐസിയുവിലാണ് ഇപ്പോഴും അദ്ദേഹമുള്ളത്. ആരോഗ്യനില തൃപ്തികരമാണെന്ന് കഴിഞ്ഞയാഴ്ച ഔദ്യോഗികമായി അറിയിച്ചിരുന്നു. ജൂണ്‍ 11നാണ് വാജ്പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 93 വയസ്സാണ്.