ന്യൂഡല്‍ഹി: രാജ്യം വീണ്ടും സിക വൈറസ് ഭീതിയില്‍. രാജസ്ഥാനിലെ ജയ്പൂരില്‍ 22 പേര്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചു. വൈറസ് പടര്‍ന്ന് പിടിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോഗ്യമന്ത്രാലയത്തില്‍ നിന്ന് റിപ്പോര്‍ട്ട് തേടി.
സെപ്തംബര്‍ 24ന് ഒരു സ്ത്രീയിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നാലെ 22 സാമ്പിളുകള്‍ കൂടി പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇതില്‍ ഏഴ് സാമ്പിളുകളാണ് പോസിറ്റീവായി കണ്ടെത്തിയത്. ഇതില്‍ ഒരാള്‍ ബീഹാറില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയാണ്.
രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പായി ഇയാള്‍ ജന്മനാട്ടിലെത്തിയിരുന്നു. ഇത് കണക്കിലെടുത്ത് ബീഹാറിലെ 38 ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ വിദ്യാര്‍ത്ഥിയുടെ കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലാണ്. സിക വൈറസ് ബാധയേറ്റ് ഏഴുപേര്‍ ജയ്പൂരിലെ എസ്.എം.എസ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്.