മോസ്കോ: ഫിഫ ലോകകപ്പില്‍ ശുഭാരംഭം കുറിച്ച് റഷ്യ. ഏഷ്യന്‍ പ്രതിനിധിയായ സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ആതിഥേയര്‍ സ്വപ്ന തുല്ല്യമായ തുടക്കം സ്വന്തമാക്കിയത്. ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഉദ്ഘാടനമത്സരത്തില്‍ ഇത്രയും വലിയ മാര്‍ജിനില്‍ ഒരു ടീം വിജയം സ്വന്തമാക്കുന്നത്.
റഷ്യയ്ക്കുവേണ്ടി പകരക്കാരനായിറങ്ങിയ ചെറിഷേവ് രണ്ടും ഗസിന്‍സ്കി, സ്യൂബ, ഗൊളോവിന് എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി. റഷ്യ നേടിയ അഞ്ചില്‍ മൂന്ന് ഗോളുകളും പകരക്കാരുടെ വകയായിരുന്നു എന്നതും ശ്രദ്ധേയമാണ്. അവസാന രണ്ട് ഗോളുകളും ഇഞ്ചുറി ടൈമിലാണ് സൗദി വഴങ്ങിയത്.
ബോള്‍ പൊസിഷനില്‍ മുന്നിട്ട് നിന്നിരുന്നെങ്കിലും ദുര്‍ബലമായ പ്രതിരോധനിര സൗദി അറേബ്യയ്ക്ക് തിരിച്ചടിയായി. സൗദി ബോക്സിനകത്ത് നിരന്തരം ആക്രമണം നടത്താന്‍ റഷ്യയ്ക്ക് ഏറെ വിയര്‍ക്കേണ്ടി വന്നില്ല. കൃത്യമായ ഇടവേളകളില്‍ സൗദി പോസ്റ്റിനുള്ളിലേക്ക് റഷ്യ നിറയൊഴിച്ചുകൊണ്ടേയിരുന്നു. അതേസമയം മികച്ച കളി പുറത്തെടുത്തെങ്കിലും ഗോള്‍ മടക്കാന്‍ സൗദിക്ക് കഴിഞ്ഞില്ല.
രണ്ടാം ദിനമായ ഇന്ന് കരുത്തരായ സ്പെയിനും പോര്‍ച്ചുഗലും തമ്മിലുള്ള രാജകീയ പോരാട്ടമാണ് മുഖ്യആകര്‍ഷണം. മുന്‍ ലോകചാമ്പ്യന്മാരായ സ്പെയിനും നിലവിലെ യൂറോപ്യന്‍ ജേതാക്കളായ പോര്‍ച്ചുഗലും ഏറെ പ്രാധാന്യത്തോടെ തന്നെയാണ് തങ്ങളുടെ ആദ്യമത്സരത്തെ കാണുന്നത്. രാത്രി 11.30നാണ് മത്സരം ആരംഭിക്കുക.