വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന് നടത്തിയ വെടിവെപ്പില്‍ നാല് ബിഎസ്എഫ് ജവാന്മാര്ക്ക് വീരമൃത്യു. ജമ്മു കശ്മീരിലെ അതിര്‍ത്തി പ്രദേശമായ സാംബ ജില്ലയിലെ ചാംബ്ലിയാല്‍ പ്രദേശത്ത് നടന്ന വെടിവെപ്പില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് ഉള്‍പ്പെടെയുളള സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. മൂന്ന് ജവാന്മാര്ക്ക് പരുക്കേറ്റിട്ടുണ്ട്.
അസിസ്റ്റന്റ് കമാന്‍ഡന്റായ ജതീന്ദര്സിംഗ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ രാം നിവാസ് എന്നിവരും രണ്ട് കോണ്‍സ്റ്റബിളുമാരുമാണ് കൊല്ലപ്പെട്ടത്. മൂന്ന് പേര് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയില്‍ വെച്ചാണ് മരിക്കുന്നത്.
കഴിഞ്ഞ ദിവസം ബിഎസ്എഫുമായി പാക് റേഞ്ചര്‍ സേന റംദാനിനോട് അനുബന്ധിച്ച് വെടിനിര്ത്തലിന്സമ്മതിച്ചിരുന്നു. ചൊവ്വാഴ്ച്ച അര്‍ദ്ധരാത്രിയോടെ യാതൊരു പ്രകോപനവും ഇല്ലാതെയാണ് പാക് സേന വെടിവെച്ചത്.
രാത്രി നിരീക്ഷണത്തിന് ഇന്ത്യന്‍ സേന നീങ്ങവെയാണ് വെടിവെപ്പ് നടന്നതെന്നാണ് റിപ്പോര്‍ട്ട്.
ചൊവ്വാവ്ച രാത്രി 10.30ന് ആരംഭിച്ച വെടിവെപ്പ് പുലര്‍ച്ചെ 4.30 വരെ തുടര്‍ന്നു. 2003ലാണ് വെടിനിര്‍ത്തല്‍ കരാറില്‍ ഇന്ത്യയും പാകിസ്താനും ഒപ്പുവെച്ചത്. 2018ല്‍ മാത്രമായി 1000 തവണ പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്.