Kerala

നിപാ വൈറസിനെതിരെ വ്യാജ ഹോമിയോ പ്രതിരോധമരുന്ന് വിതരണം ; ഓഫീസ് അറ്റന്‍ഡര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: നിപ്പാ വൈറസിനെതിരെ വ്യാജ പ്രതിരോധമരുന്ന് വിതരണം ചെയ്ത സംഭവത്തില്‍ ഓഫീസ് അറ്റന്‍ഡറെ സസ്‌പെന്‍ഡു ചെയ്തു. കോഴിക്കോട്ട് മുക്കം സര്‍ക്കാര്‍ ഹോമിയോ ആശുപത്രി അറ്റന്‍ഡറെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.

ഡോക്ടറുടെ അസാന്നിധ്യത്തില്‍ ജീവനക്കാരാണ് വെള്ളിയാഴ്ച കോഴിക്കോട്ട് മുക്കം സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ മരുന്നു വിതരണം ചെയ്തത്. മരുന്ന് കഴിച്ച നിരവധി പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവര്‍ വീണ്ടും ആശുപത്രികളില്‍ ചികിത്സ തേടി. ഈ സംഭവം വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. നിപ്പയ്ക്കു പ്രതിരോധ മരുന്നില്ലെന്ന് ആരോഗ്യവകുപ്പ് നേരത്തെതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

വാര്‍ത്തയറിഞ്ഞ ആരോഗ്യമന്ത്രി കെ കെ ശൈലജ മെഡിക്കല്‍ ഓഫീസറോട് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. വിശദമായ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. നിപ വൈറസ് ചികിത്സയ്ക്ക് ഡിഎല്‍ഇജിയുടെയോ, എസ്എല്‍ഇജിയുടെയോ അനുമതിയില്ലാതെ പ്രതിരോധ മരുന്നുണ്ടെന്ന വ്യാജേന ബോര്‍ഡ് സ്ഥാപിച്ച് മരുന്നു വിതരണം ചെയ്യുകയാണുണ്ടായത്.

വകുപ്പ് മേലധികാരിയുടെ നിര്‍ദ്ദേശങ്ങളുടെ പച്ചയായ ഈ ലംഘനം വകുപ്പിന് അപകീര്‍ത്തി ഉണ്ടാക്കിയതായും മന്ത്രി പറഞ്ഞു. മരുന്ന് ഉപയോഗിച്ച പലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കാനും ഇടയാക്കി. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top