തമിഴ് സംവിധായകനും നിര്‍മാതാവുമായ മുക്ത വി. ശ്രീനീവാസന് (87) അന്തരിച്ചു. ചെന്നൈ ടി.നഗറിലെ വീട്ടിലായിരുന്നു അന്ത്യം. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ‘മുതലാളി’ (1957) എന്ന ചിത്രം ദേശീയ ചലച്ചിത്ര പുരസ്കാരത്തിന് അര്‍ഹമായിരുന്നു. അന്‍പതോളം ചിത്രങ്ങള്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അറുപതോളം സിനിമകള്‍ നിര്‍മിച്ചു. അഞ്ച് സിനിമകള്‍ക്ക് തിരക്കഥ എഴുതി. മുന്നൂറിലധികം ചെറുകഥകളും മൂന്ന് നോവലുകളും രചിച്ചിട്ടുണ്ട്.
1931 ഒക്ടോബര്‍ 31-ന് ജനിച്ച ശ്രീനിവാസന്റെ ചിത്രങ്ങളില്‍ ജെമിനി ഗണേശന്, ശിവാജി ഗണേശന്, രജനികാന്ത്, കമല്ഹാസന് തുടങ്ങിയ താരങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. തേന്മഴൈ, നിനവില്‍ നിന്‍ട്രാല്‍, ബൊമ്മലാട്ടം, ആയിരം പൊയ്, അന്പേ തേടി, നിറൈ കുടം, സിംലാസ്പെഷല്, ഇമയം, കീഴ്വാനം സിവക്കും തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. എസ്.എസ്.രാജേന്ദ്രന് പ്രധാന വേഷമിട്ട ‘മുതലാളി’ പിന്നീട് ഇതേ പേരില്‍ പ്രേംനസീറിനെ നായകനാക്കി മലയാളത്തിലും (1965) നിര്‍മിച്ചു. മലയാള ചിത്രം നാടോടിക്കാറ്റിന്റെ തമിഴ് പതിപ്പ് ‘കഥാനായകന്’ സംവിധാനം ചെയ്തതും ഇദ്ദേഹമാണ്. 1992-ല്‍ പുറത്തിറങ്ങിയ ‘ബ്രഹ്മചാരി’യാണ് സംവിധാനം ചെയ്ത അവസാന ചിത്രം.
1960ല്‍ സഹോദരന് മുക്ത വി.രാമസ്വാമിയുമായി ചേര്‍ന്ന് മുക്ത ഫിലിംസ് എന്ന പേരില്‍ നിര്‍മാണക്കമ്പനി ആരംഭിച്ചു. ഹാസ്യതാരം നാഗേഷിന്റെ ആദ്യ ചിത്രം ‘താമരൈകുളം’ നിര്‍മിച്ചത് മുക്ത ഫിലിംസാണ്.