Kerala

”സാറേ അവന്‍ ചാടിപ്പോയി, എന്റെ ഭാവി തുലയ്ക്കരുത്…റിക്വസ്റ്റാണ്” ; സാനുവും പോലീസും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്

സാനു ചാക്കോ

മരിക്കുന്നതിന് മുമ്പ് കെവിന് ക്രൂരമര്‍ദ്ദനമേറ്റിരുന്നുവെന്ന് പൊലീസ്. വാഹനത്തില്‍ വച്ച് കെവിനെ ക്രൂരമായി മര്‍ദിച്ചു. തെന്മലയിലെ സാനുവിന്റെ വീട്ടിലെത്തും മുമ്പ് കെവിന്‍ വാഹനത്തില്‍ നിന്നും രക്ഷപ്പെട്ടു. തുടര്‍ന്ന് അക്രമി സംഘം കെവിനെ പിന്തുടര്‍ന്നെന്നും പിന്നീടാണ് മരണം സംഭവിച്ചതെന്നുമാണ് പോലീസ് കരുതുന്നത്.

കെവിന്റെ മൃതദേഹത്തില്‍ 15 ചതവുകളുണ്ടെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ജനനേന്ദ്രിയത്തിലും ചവിട്ടേറ്റ പാടുണ്ട്. ആന്തരികാവയവങ്ങള്‍ക്കും ക്ഷതമേറ്റിട്ടുണ്ട്. ശ്വാസ കോശത്തില്‍ വെള്ളം കയറിയിട്ടുണ്ട്. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വന്നാലേ യഥാര്‍ഥ മരണകാരണം അറിയാന്‍ കഴിയൂ.

കൊലപാതകം ആസൂത്രണം ചെയ്തത് നീനുവിന്റെ പിതാവ് ചാക്കോയും സഹോദരന്‍ സാനുവും ചേര്‍ന്നാണെന്നും നിയാസിനെ പദ്ധതി നടപ്പിലാക്കാന്‍ കൂടെ കൂട്ടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. സംഘാംഗങ്ങളെ സംഘടിപ്പച്ചതും മറ്റും സാനുവായിരുന്നു.

അതേസമയം, സാനുവും ഗാന്ധിനഗര്‍ എഎസ്‌ഐ ബിജുവുമായുള്ള  ഫോണ്‍ സംഭാഷണം പുറത്തായി. ഞായറാഴ്ച്ച പുലര്‍ച്ചെ നടന്ന സംഭാഷണമാണ് പുറത്തായത്. സംഭാഷണത്തില്‍ അനീഷിനെ വിട്ടയക്കാന്‍ തയ്യാറാണെന്നും കെവിന്‍ കയ്യില്‍ നിന്നും ചാടിപ്പോയെന്നും പറയുന്നുണ്ട്. കെവിന്റെ വീട് തകര്‍ത്തതിന് നഷ്ടപരിപഹാരം നല്‍കാമെന്നും പ്രതി പറയുന്നുണ്ട്. ഇന്നലെയാണ് കേസിലെ പ്രധാന പ്രതികളായ സാനുവും ചാക്കോയും പൊലീസില്‍ കീഴടങ്ങിയത്.

ഫോണ്‍ സംഭാഷണത്തില്‍നിന്ന്:

സാനു : പറ സാറേ. കേട്ടോ, മറ്റവന്‍ (കെവിന്‍) നമ്മുടെ (?) കയ്യില്‍നിന്നു ചാടിപ്പോയി. അവന്‍ ഇപ്പോള്‍ അവിടെ വന്നു കാണും.

പൊലീസ് : അവനെവിടുന്നാണ് ചാടിപ്പോയത്. അങ്ങ് എത്തിയാണോ പോയത്.

സാനു: (നീരസത്തോടെ) ഏ… എവിടെയോ വച്ചു പോയി. അതെനിക്കറിയില്ല. ഞാന്‍ വേറെ വണ്ടീലാണു വന്നത്. അതിവന് (അനീഷിന്) അറിയാം. എന്റെ ഭാവി തൊലയ്ക്കാന്‍ എനിക്കു വയ്യ. ഞങ്ങക്ക് കൊച്ചിനെ (നീനു) വേണം. പിന്നെ സാറിന്… ഒരു റിക്വസ്റ്റാണ്. ഞങ്ങള്‍ ചെയ്തതു തെറ്റാണ്. ന്യായീകരിക്കാനില്ല. ഞങ്ങള്‍ പുള്ളിക്കാരനെ (അനീഷ്) സുരക്ഷിതമായി നിങ്ങടെ കയ്യില്‍ എത്തിച്ചു തരാം.

ഓകെ? പിന്നെ വീട്ടില്‍ എന്തെങ്കിലും നശിപ്പിച്ചിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം കൊടുക്കാം. ഓകെ?

പൊലീസ്: എന്തോ ടിവിയൊക്കെ തല്ലിപ്പൊട്ടിച്ചിട്ടുണ്ട്. കതകും തകര്‍ത്തു.

സാനു: അതു ചെയ്യാം. കുറച്ചു പൈസ കൊടുക്കാം. കോണ്‍ടാക്ട് നമ്പറും പുള്ളിക്കാരനു കൊടുക്കാം. പക്ഷേ.. കൊച്ചിനോടൊന്നു (നീനു) പറഞ്ഞു തിരിച്ചുതരാന്‍ പറ്റുവാണെങ്കില്‍… തരിക. ഞാന്‍ കാലു പിടിക്കാം.

പൊലീസ്: എന്നെക്കൊണ്ടാകുന്നതു ഞാന്‍ ചെയ്തു തരാം, സാനു.

സാനു: എനിക്കൊരു കുടുംബമുണ്ട്. കല്യാണം കഴിഞ്ഞിട്ട് ആറു മാസമേ ആയിട്ടുള്ളൂ.

പൊലീസ് : എന്നെക്കൊണ്ടു പറ്റാവുന്നതു ഞാന്‍ ചെയ്തുതരാം.

സാനു : ഓകെ.

പ്രതികളെ പോലീസ് കോട്ടയത്ത് എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top