ഓഹരി വിപണിയ്ക്ക് തിങ്കളാഴ്ച്ച നല്ല ദിവസമായിരുന്നു. മൂന്നാം ദിവസവും വിപണി നേട്ടത്തിലായിരുന്നു. ക്രൂഡ് ഓയില്‍ വിലക്കുറവും രൂപയുടെ മൂല്യത്തിലെ വര്‍ദ്ധനവുമാണ് വിപണിയ്ക്ക് തുണയായത്.
സെന്‍സെക്സ് 241 പോയിന്റ് ഉയര്‍ന്ന് 35165 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയും നില ഏറെ മെച്ചപ്പെടുത്തി. 84പോയിന്റ് ഉയര്‍ന്ന് 10689 ലാണ് നിഫ്റ്റി വ്യാപാരമവസാനിപ്പിച്ചത്.
സൗദി അറേബ്യ, അമേരിക്ക, റഷ്യ എന്നീ എണ്ണ ഉല്‍പ്പാദന രാജ്യങ്ങള്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുമെന്ന് തീരുമാനിച്ചതോടെ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞത് വിപണിയ്ക്ക് നേട്ടമായി.
നിഫ്റ്റിയിലെ 35 ഓഹരികള്‍ പോസിറ്റീവ് സോണിലായിരുന്നു. സണ്‍ ഫാര്‍മ്മ, എച്ച്പിസിഎല്‍, ബിപിസിഎല്‍, ഗെയില്‍ ഇന്ത്യ, ലുപിന്‍ എന്നീ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞതോടെ ഓയില്‍ കമ്പനികളുടെ ഓഹരി വിലയിലും ഗണ്യമായ നേട്ടമുണ്ടായി. എന്നാല്‍ ചില ഐടി ഓഹരികള്‍ക്ക് വിലയിടിഞ്ഞു. ടിസിഎസ് ഓഹരികള്‍ 2.4 ശതമാനവും ഇന്‍ഫോസിസ് 1.3 ശതമാനവും ടെക് മഹീന്ദ്ര 3.8 ശതമാനവും താഴെയായി. രൂപ ഡോളറിനുമേല്‍ കരുത്താര്‍ജ്ജിക്കുന്നത് ഐടി കമ്പനികളുടെ ലാഭത്തെ പ്രതികൂലമായി ബാധിക്കും. ഇന്ത്യന്‍ ഐടി കമ്പനികളുടെ മുഖ്യവരുമാന സ്രോതസ്സ് അമേരിക്കയാണ്.