ആലപ്പുഴ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ കനത്ത മഴയെ അവഗണിച്ചും പോളിങ്ങ് പുരോഗമിക്കുന്നു. നാല് മണിക്ക് ശേഷം ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 65 ശതമാനം വോട്ടാണ് ചെങ്ങന്നൂരില്‍ പോള്‍ ചെയ്തിരിക്കുന്നത്.
രാവിലെ ഏഴുമണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രണ്ട് ലക്ഷത്തോളം വോട്ടര്‍മാരാണ് ഇന്ന് ചെങ്ങന്നൂരില്‍ വിധിയെഴുതുന്നത്. രാവിലെ മഴമാറി നിന്നതിനാല്‍ ആദ്യമണിക്കൂറുകളില്‍ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. എന്നാല്‍ പിന്നീട് മഴ ശക്തി പ്രാപിച്ചെങ്കിലും പോളിങ്ങിനെ അത് കാര്യമായി ബാധിച്ചിട്ടില്ല.
എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി സജി ചെറിയാനും യു ഡി എഫ് സ്ഥാനാര്‍ഥിയായി ഡി വിജയകുമാറും എന്‍ ഡി എ സ്ഥാനാര്‍ഥിയായി പി എസ് ശ്രീധരന്‍പിള്ളയുമാണ് മത്സരിക്കുന്നത്. സ്ഥാനാര്‍ത്ഥികള്‍ രാവിലെ വോട്ട് രേഖപ്പെടുത്തി. കൊഴുവല്ലുരിലെ എസ് എന്‍ ഡി പി സ്കൂളിലെ 77-ാം നമ്പര്‍ ബൂത്തിലാണ് സജി ചെറിയാനും കുടുംബാംഗങ്ങളും വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. യു ഡി എഫ് സ്ഥാനാര്‍ഥി ഡി.വിജയകുമാറും കുടുംബവും പുലിയൂര് എച്ച് എസ് എസിലെ പോളിങ്ങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. അതേസമയം എന്‍ഡിഎ സ്ഥാനാര്‍ഥിയായ പി എസ് ശ്രീധരന്‍പിള്ളയ്ക്ക് മണ്ഡലത്തില്‍ വോട്ടില്ല.
വിവി പാറ്റ് വോട്ടിങ് യന്ത്രമാണ് ഉപയോഗിക്കുന്നത്. 181 ബൂത്തുകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. മണ്ഡലത്തിലെ അയ്യായിരത്തോളം വരുന്ന പുതിയ വോട്ടര്‍ ഫലത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തും. രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാണ് പോളിങ്. 31-നാണ് വോട്ടെണ്ണല്‍ നടക്കുക.