രുചിയൂറും വിഭവങ്ങളുമായി കൊച്ചിയുടെ മനസ് കീഴടക്കി കുടുംബശ്രീ പ്രവര്‍ത്തകര്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി മറൈന്‍ഡ്രൈവില്‍ നടന്ന മേളയിലാണ് വൈവിധ്യമാര്‍ന്ന രുചിഭേദങ്ങളുമായി കുടുംബശ്രീ പ്രവര്‍ത്തകര്‍ എത്തിയത്.
രുചി വൈവിധ്യങ്ങളാല്‍ വിദേശ രാജ്യങ്ങളില്‍ പോലും പേരുകേട്ട നാടാണ് കേരളം. അങ്ങനെയെങ്കില്‍ ഈ രുചിവൈവിധ്യങ്ങളെല്ലാം ഒറ്റയിടത്ത് കിട്ടിയാലോ! അത്തരമൊരു രുചിക്കലവറയാണ് എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്ന പ്രദര്‍ശന വിപണന മേളയില്‍ ഏവരുടെയും ശ്രദ്ധാകേന്ദ്രമായി മാറിയത്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നടന്ന മേളയില്‍ കുടുംബശ്രീ പ്രവര്‍ത്തകരാണ് രുചിയൂറും വിഭവങ്ങളുമായി കൊച്ചിയുടെ മനസ് കീഴടക്കിയത്.
പഞ്ചനക്ഷത്ര പായസം, മാങ്ങാ പായസം, മുളയരി പായസം എന്നിങ്ങനെ വിവിധ തരം പായസങ്ങള്‍. സുന്ദരി ദോശ, തട്ടില്‍ കുട്ടി ദോശ തുടങ്ങി വിവിധ തരം ദോശ വിഭവങ്ങള്‍. പിന്നെ മലബാറിന്റെ സ്വന്തം ഉന്നക്കായ്, ചിക്കന്‍ പത്തിരി, ചിക്കന്‍ സുക്ക, തുടങ്ങി രുചിയേറും വിഭവങ്ങള്‍ വേറെയും.
നോമ്പുതുറ വിഭവങ്ങള്‍ക്ക് പ്രത്യേക സ്ഥലമുണ്ട്. പിടിയും കോഴിയും, കരിമീന്‍ പൊളളച്ചത്, കൂന്തല്‍ ഫ്രൈ എന്നിങ്ങനെ പോകും ആ ലിസ്റ്റ്. ഉച്ചസമയത്തെ ഹൈലൈറ്റ് അത് ദം ബിരിയാണി തന്നെയാണ്.
മേളയിലെ പ്രധാന ആകര്‍ഷണം കഫേ കുടുംബശ്രീ സ്റ്റാള്‍ ആണെന്നു പറഞ്ഞാല്‍ അതിശയിക്കേണ്ടതില്ല. കാരണം കേരളത്തിലുടനീളം നടക്കുന്ന ഒട്ടുമുക്കാല്‍ മേളകളിലും കഫേ കുടുംബശ്രീയാണ് ഇപ്പോള്‍ താരം. കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരം വരെയുളള കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരുടെ സ്റ്റാളുകള്‍ അണിനിരത്തിയാണ് കഫേ കുടുംബശ്രീക്ക് രൂപം നല്‍കിയത്. വൈവിധ്യമാര്‍ന്ന രുചിയൂറും ഭക്ഷണത്തിനൊപ്പം കുടുംബശ്രീയുടെ വിശ്വാസ്യതയും ചേരുന്നതോടെ പഞ്ചനക്ഷത്ര പായസത്തിനും സുന്ദരി ദോശയ്ക്കും പ്രിയമേറും.