Kerala

പയ്യന്നൂരില്‍ സി.പി.എം-ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; മാരാര്‍ജി മന്ദിരത്തിന് നേരെ ബോംബേറ്

പയ്യന്നൂര്‍: കണ്ണൂരില്‍ വീണ്ടും ബിജെപി-സി.പി.എം സംഘര്‍ഷം. സി.പി.എം പ്രവര്‍ത്തകനെ പട്ടാപകല്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതിന് പിന്നാലെ പയ്യന്നൂരില്‍ അക്രമം പടരുന്നു. തിരിച്ചടിയെന്നോണം ബി.ജെ.പി പ്രവര്‍ത്തകന് നേരെ ആക്രമണമുണ്ടായി. ബിജെപി ഓഫീസിനു നേരെ സ്റ്റീല്‍ ബോംബ് എറിഞ്ഞു.

ഇന്ന് രാവിലെ 9.45നാണ് മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും ഇപ്പോള്‍ സിപിഎം പ്രവര്‍ത്തകനുമായ കുന്നരുബാങ്കിന് സമീപത്തെ ഷിനുവിനെ ഇന്നോവ കാറില്‍ എത്തിയ ഒരു സംഘം ബൈക്ക് തടഞ്ഞ് വടിവാള്‍കൊണ്ട് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. ഇയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് ബിജെപി പ്രവര്‍ത്തകനെതിരെയും ആക്രമണമുണ്ടായത്.

ബിജെപി പ്രവര്‍ത്തകനായ താലൂക്ക് ആശുപത്രിക്ക് സമീപത്തെ രജിത്തിനെ ഒരു സംഘം പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റിന് സമീപം വച്ച് അക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഇയാളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് 11.15 ഓടെ ഒരു സംഘം പയ്യന്നൂരിലെ ബിജെപി മണ്ഡലം ഓഫീസായ കൊക്കാനാശ്ശേരിയിലെ മാരാര്‍ജി മന്ദിരത്തിന് നേരെ സ്റ്റീല്‍ ബോംബ് എറിയുകയായിരുന്നു.

മണിക്കൂറുകള്‍ക്കുള്ളില്‍ ഉണ്ടായ വ്യത്യസ്ത അക്രമം പയ്യന്നൂര്‍ നഗരത്തെ ഭീതിയിലാക്കി. വിവരമറിഞ്ഞ് ജില്ലാ പോലിസ് മേധാവി ശിവവിക്രം പയ്യന്നൂരില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. നഗരത്തില്‍ പോലിസ് പെട്രൊളിങ്ങ് ശക്തമാക്കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top