നിപ്പ വൈറസ് പടര്‍ന്നു പിടിക്കുന്നതിന് പിന്നാലെ സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധയും. കാസര്‍ഗോഡ് ജില്ലയില്‍ മാത്രം 50 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ജില്ലയിലെ മലയോര മേഖലകളിലാണ് പനി പടരുന്നത്. കിനാലൂര്‍, ബേളൂര്‍, കരിന്തളം പഞ്ചായത്തുകളിലാണ് പനി ബാധിതര്‍ കൂടുതലുള്ളത്. അതേസമയം ഡെങ്കി മൂലം മരണം സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ജില്ലയിലെ ആശുപത്രികളില്‍ മുന്നൂറോളം പേരാണ് ഡെങ്കിപ്പനി ബാധയുണ്ടെന്ന സംശയത്താല്‍ ചികിത്സ തേടിയത്. ഇതില്‍ 50 പേര്‍ക്ക് പനിബാധ സ്ഥിരീകരിച്ചു. പനിബാധ സ്ഥിരീകരിച്ച 27 പേര് ജില്ലാ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്.
പനിബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. എന്നാല്‍ സര്‍ക്കാരിന്റെ നടപടി പനി തടയുന്നതിന് പര്യാപ്തമല്ലെന്ന് ആക്ഷേപമുണ്ട്. നിപ വൈറസ് സംസ്ഥാനത്ത് ഭീതി വിതയ്ക്കുന്നതിനിടെ വടക്കന്‍ ജില്ലകളില്‍ പടരുന്ന പനി ആരോഗ്യവകുപ്പിനെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്.