Kerala

സിബിഎസ്ഇ പത്താം ക്ലാസ് ഫലം വൈകുന്നു ; വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയില്‍

പ്ലസ് വണ്‍ ക്ലാസുകളിലേക്കുള്ള പ്രവേശന നടപടികള്‍ സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി വകുപ്പ് ആരംഭിച്ചിട്ടും സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇതുവരെ പ്രഖ്യാപിക്കാത്തതില്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും ആശങ്കയില്‍.

സിബിഎസ്ഇ പത്താം ക്ലാസ് വിജയിക്കുന്ന അമ്പത് ശതമാനത്തിലധികം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനായി സംസ്ഥാന സിലബസിലേക്ക് മാറുക പതിവാണ്.

സംസ്ഥാന സര്‍ക്കാര്‍ മെയ് മൂന്നിനകം പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ച് പ്ലസ് വണ്‍ പ്രവേശന നടപടി ആരംഭിച്ചു. ഒന്നാം ഘട്ട അലോട്ട്‌മെന്റ് അവസാനിക്കാറായിട്ടും സിബിഎസ്ഇ ഫലം പ്രഖ്യാപിക്കാത്തത് സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന സിലബസ് പഠിപ്പിക്കുന്ന സ്‌കൂളുകളില്‍ പ്രവേശനം നേടാനുള്ള അവസരം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോഴും ഫലം വൈകുന്നത് താല്‍പ്പര്യമുള്ള വിഷയവും സ്‌കൂളും തെരഞ്ഞെടുക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കും.

എപ്രില്‍ അഞ്ചിന് സിബിഎസ്ഇ പരീക്ഷ അവസാനിച്ചതാണ്. മൂല്യ നിര്‍ണയം പൂര്‍ത്തിയാക്കി അമ്പത് ദിവസത്തിനകം ഫലം പ്രഖ്യാപിക്കണമെന്നാണ്. കഴിഞ്ഞ വര്‍ഷവും സമാന സാഹചര്യമുണ്ടായിരുന്നു. തുടര്‍ന്ന് കോടതി നിര്‍ദേശ പ്രകാരം സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകമായി ഹയര്‍സെക്കന്‍ഡറി സീറ്റ് അനുവദിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം പ്രശ്‌നമുണ്ടായപ്പോള്‍ ഫല പ്രഖ്യാപനം നേരത്തേയാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നെന്നും എന്നാല്‍ നടപടികളൊന്നുമുണ്ടായില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു.

കേരളത്തിനു പുറമേ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ച് ഹയര്‍സെക്കന്‍ഡറി നടപടികള്‍ പുരോഗമിക്കുകയാണ്. ഇവിടത്തെ സിബിഎസ്ഇ വിദ്യാര്‍ഥികളും സമാന പ്രതിസന്ധി നേരിടുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top